ഗ്രീസ്മൻ-സൗൾ കൈമാറ്റക്കരാർ യാഥാർഥ്യമാകുന്നു, രണ്ടു ക്ലബുകൾക്കും നേട്ടമുണ്ടാകും


ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കൈമാറ്റക്കരാർ ലാ ലിഗയിൽ യാഥാർഥ്യമാകുന്നു. മാർക്ക അടക്കമുള്ള സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്സലോണ താരം അന്റോയിൻ ഗ്രീസ്മനും അത്ലറ്റികോ മാഡ്രിഡ് താരം സൗളും തമ്മിലുള്ള കൈമാറ്റത്തിന് ഇരു ക്ലബുകളും തമ്മിൽ ധാരണയായിക്കഴിഞ്ഞു. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു ട്രാൻസ്ഫറിനു വഴിയൊരുക്കുന്നത്.
മെസിയെ വീണ്ടും ക്ലബിന്റെ ഭാഗമാക്കാനും സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരങ്ങളെ രജിസ്റ്റർ ചെയ്യാനും ബാഴ്സലോണക്ക് നിലവിലെ വേതനബിൽ കുറക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ക്ലബിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ ഗ്രീസ്മാനെ ബാഴ്സ ഒഴിവാക്കുന്നത്. അതേസമയം റോഡ്രിഗോ ഡി പോൾ ടീമിലെത്തിയതോടെയാണ് സൗൾ അത്ലറ്റികോ വിടാൻ തയ്യാറെടുക്കുന്നത്.
Would this be a better deal for Barcelona or Atleti? ?https://t.co/2eB0xzUTfY
— MARCA in English (@MARCAinENGLISH) July 14, 2021
നിലവിൽ ഏറ്റവുമധികം വേതനം വാങ്ങുന്ന ഒരു താരത്തെ ഒഴിവാക്കുന്നതിലൂടെ മെസിയെ വീണ്ടും ടീമിന്റെ ഭാഗമാക്കാൻ കഴിയുന്നതിനൊപ്പം, അഗ്യൂറോ, ഡീപേ ഉൾപ്പെടെയുള്ളവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനും ബാഴ്സക്കാവും. ഇതിനു പുറമെ ഇരുപത്തിയാറുകാരനായ സൗളിനെ ടീമിലെത്തിക്കുക വഴി വൈനാൾഡത്തിനു വേണ്ടിയുള്ള നീക്കങ്ങൾ പരാജയപ്പെട്ടതിന്റെ ക്ഷീണം മറികടക്കാൻ കഴിയുമെന്നതും ബാഴ്സയ്ക്ക് ഗുണകരമാണ്.
അതേസമയം സൗളിനെ നൽകി അതിനേക്കാൾ മൂല്യമേറിയ ഒരു താരത്തെ സ്വന്തമാക്കാനുള്ള അവസരമാണ് അത്ലറ്റികോ മാഡ്രിഡിനു വന്നു ചേർന്നിരിക്കുന്നത്. അത്ലറ്റികോ മാഡ്രിഡിൽ തന്റെ കരിയർ പടുത്തുയർത്തിയ താരത്തെ തിരിച്ചെത്തിക്കാൻ സിമിയോണിക്ക് വളരെയധികം താൽപര്യമുണ്ട്. ബാഴ്സയുടെ ശൈലിയുമായി ഇണങ്ങിച്ചേർന്നു പോകാൻ ഗ്രീസ്മാന് ഇനിയും കഴിഞ്ഞിട്ടില്ലെന്നതിനാൽ തന്റെ മികവ് വീണ്ടെടുക്കാൻ ഗ്രീസ്മാന് വീണ്ടുമൊരു അവസരം അത്ലറ്റികോയിലൂടെ ലഭിക്കും.
അതേസമയം ഈ ട്രാൻസ്ഫറിനൊപ്പം ചില വിട്ടു വീഴ്ചകൾക്ക് ഇരു താരങ്ങളും തയ്യാറാകേണ്ടി വന്നേക്കും. നിലവിൽ ബാഴ്സയിൽ ലഭിക്കുന്ന പ്രതിഫലം അത്ലറ്റികോ മാഡ്രിഡ് ഗ്രീസ്മനു നൽകുമെന്ന് കരുതാനാവില്ല. അതേസമയം അത്ലറ്റികോ മാഡ്രിഡിൽ നിന്നുമെത്തുന്ന സൗളിന് ബാഴ്സയിൽ സ്ഥിരമായി ആദ്യ ഇലവനിൽ ഇടം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.