ബാഴ്സലോണക്കൊപ്പമുള്ള തന്റെ കരിയർ ഒരു ദുരന്തമായിരുന്നില്ല, കാറ്റലൻ ക്ലബിനായി കളിച്ചത് അഭിമാനമെന്ന് ഗ്രീസ്മൻ


ബാഴ്സലോണക്കു വേണ്ടി താൻ കളിച്ചിരുന്ന രണ്ടു വർഷങ്ങളിൽ അവസരങ്ങൾ കുറഞ്ഞത് ബുദ്ധിമുട്ടായിരുന്നു എങ്കിലും ആ കാലഘട്ടം ഒരു ദുരന്തമായി തോന്നുന്നില്ലെന്ന് അന്റോയിൻ ഗ്രീസ്മൻ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലോൺ കരാറിൽ അത്ലറ്റികോ മാഡ്രിഡിലേക്കു തന്നെ തിരിച്ചെത്തിയ ഗ്രീസ്മൻ അത്ലറ്റികോ ആരാധകർക്ക് തന്നോടുള്ള അകൽച്ച മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
"ബാഴ്സയിലേക്ക് പോകാനായതിൽ എനിക്ക് സന്തോഷമുണ്ട്. വളരെ മികച്ച സഹതാരങ്ങളെ എനിക്കവിടെ ലഭിച്ചു. ടീമിന്റെ പരിശീലകരിൽ നിന്നും എനിക്ക് പലതും മനസിലാക്കാൻ കഴിഞ്ഞു. അവസരങ്ങൾ കുറയുന്നത് ബുദ്ധിമുട്ടായിരുന്നെങ്കിലും ആ കാലഘട്ടം ഒരു ദുരന്തമായിരുന്നില്ല. കാരണം എല്ലാ സീസണിലും ഞാൻ ഇരുപതോളം ഗോളുകൾ നേടിയിരുന്നു. ബാഴ്സയിൽ കളിക്കാൻ കഴിഞ്ഞത് അഭിമാനമാണ്," ഗ്രീസ്മൻ ടെലിഫൂട്ടിനോട് പറഞ്ഞു.
?️ Antoine Griezmann:
— Footy Accumulators (@FootyAccums) November 21, 2021
"I don't think my time at Barcelona was catastrophic since I scored near 20 goals both seasons, personally I am proud to have played for them. I think here at Atlético they love me for who I am and what I am, so it's perfect for everyone." pic.twitter.com/crfVIPzAHL
"അത്ലറ്റികോ മാഡ്രിഡ് ആരാധകർ എന്നെ എങ്ങിനെ സ്വീകരിക്കുമെന്നതിൽ ആശങ്ക ഉണ്ടായിരുന്നു. വളരെ മോശമായ ഒരു തുടക്കമാണ് എനിക്ക് ലഭിച്ചത്. എന്നാൽ ഞാനെന്റെ ഏറ്റവും മികച്ച പ്രകടനം മൈതാനത്തു നടത്തി ആവേശം തിരികെ കൊണ്ടു വരും. ഇതുവരെ എല്ലാം വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോയിരിക്കുന്നത്," അത്ലറ്റികോ മാഡ്രിഡിലേക്കുള്ള തിരിച്ചു വരവിനെപ്പറ്റി താരം പറഞ്ഞു.
"ഞാൻ എന്താണെന്നു മനസിലാക്കിത്തന്നെ അവരെന്നെ സ്നേഹിക്കും എന്നു കരുതുന്നു, അതാണ് എല്ലാവർക്കും നിർദോഷമായ കാര്യം. എന്നെ വിശ്വസിക്കുന്ന ഒരു പരിശീലകൻ എനിക്കുണ്ട്, ഈ ക്ലബും എന്നെ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാര്യയും കുട്ടികളും വളരെ സന്തോഷത്തിലാണ്. കളിക്കളത്തിലും പുറത്തും ഞാൻ വളരെ സന്തോഷവാനാണ്," ഗ്രീസ്മൻ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.