ഫിൻലൻഡിനെതിരെ ഇരട്ടഗോളുകൾ, ഫ്രാൻസ് ടീമിനായി അപൂർവനേട്ടവുമായി ഗ്രീസ്മൻ


കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഫിൻലൻഡിനെതിരെ ഇരട്ടഗോളുകൾ നേടി ഫ്രാൻസിനു വിജയം സമ്മാനിച്ചതിനൊപ്പം ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ മൂന്നാമത്തെ താരമെന്ന റെക്കോർഡിനൊപ്പമെത്തി അന്റോയിൻ ഗ്രീസ്മൻ. ഫ്രാൻസിനു വേണ്ടി നാൽപത്തിയൊന്ന് ഗോളുകൾ നേടിയ ഇതിഹാസതാരമായ മിഷേൽ പ്ലാറ്റിനിയുടെ റെക്കോർഡിനൊപ്പമാണ് മുപ്പതുകാരനായ ഗ്രീസ്മൻ എത്തിയത്.
ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗ്രീസ്മൻ നേടിയ ഗോളുകളിൽ വിജയിച്ചതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു തുടരാനും ഫ്രാൻസിനായി. ഇതുവരെ 98 മത്സരങ്ങളിൽ ഫ്രാൻസിനു വേണ്ടി കളത്തിലിറങ്ങിയിട്ടുള്ള അന്റോയിൻ ഗ്രീസ്മൻ ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന തിയറി ഹെൻറിയുടെ നേട്ടത്തിനു പത്തു ഗോൾ മാത്രം പിന്നിലാണിപ്പോൾ.
Antoine Griezmann goes third on France's all-time top scorers list ?
— Goal (@goal) September 7, 2021
Only Thierry Henry and Olivier Giroud have scored more for Les Bleus ?? pic.twitter.com/SVNJcs7PFJ
"ഇതു വളരെയധികം അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. ഞാനിവിടെയുള്ളതു മുതൽ, 2014 മുതൽ, ഞാൻ ഏറ്റവും മികച്ച പ്രകടനം നടത്താൻ വേണ്ടി ശ്രമിച്ചിട്ടുണ്ട്. അതു ഗോളുകളായാലും പ്രതിരോധമായാലും ആക്രമണമായാലും." ഗ്രീസ്മൻ ടിഎഫ് വണ്ണിനോട് പറഞ്ഞു. ഫിൻലൻഡിനെതിരായ മത്സരം ഫ്രാൻസിനു വേണ്ടിയുള്ള തന്റെ ഏറ്റവും മികച്ച പ്രകടനമല്ലെന്നും ഗ്രീസ്മൻ പറഞ്ഞു.
യൂറോ കപ്പ് മുതൽ മോശം പ്രകടനം നടത്തുന്ന ഫ്രാൻസ് ആത്മവിശ്വാസം പകരുന്ന വിജയമാണ് ഫിൻലൻഡിനെതിരെ നേടിയത്. യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഹംഗറി, പോർച്ചുഗൽ എന്നിവർക്കെതിരെ സമനില വഴങ്ങിയ ഫ്രാൻസ് നോക്ക്ഔട്ടിൽ സ്വിറ്റ്സർലൻഡിനോട് തോറ്റു പുറത്താവുകയും അതിനു ശേഷം നടന്ന രണ്ടു ലോകകപ്പ് യോഗ്യത മത്സരത്തിലും തോൽവി വഴങ്ങുകയും ചെയ്തിരുന്നു.
ബാഴ്സലോണയിൽ നിന്നും ലോൺ കരാറിൽ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ ഗ്രീസ്മനെ സംബന്ധിച്ചും ഈ ഗോളുകൾ ആവശ്യമായിരുന്നു. ബാഴ്സയിൽ മികച്ച പ്രകടനം നടത്താൻ കഴിയാതെ പതറിയിരുന്ന താരത്തിനു അത്ലറ്റികോ മാഡ്രിഡിൽ തന്റെ ഫോം കണ്ടെത്താൻ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.