Football in Malayalam

വംശീയാധിക്ഷേപം നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ ക്ഷമാപണവുമായി ഗ്രീസ്മാനും, ഡെംബലെയും

Gokul Manthara
Hungary v France - UEFA Euro 2020: Group F
Hungary v France - UEFA Euro 2020: Group F / Laszlo Balogh - Pool/Getty Images
facebooktwitterreddit

സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരങ്ങളായ ഔസ്മാൻ ഡെംബലെയും, അന്റോയിൻ ഗ്രീസ്മാനും വംശീയാധിക്ഷേപം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഹോട്ടൽ മുറിയിൽ സാങ്കേതിക സഹായത്തിന് വേണ്ടിയെത്തിയ ഏഷ്യൻ വംശജരായ ജോലിക്കാരെ ഇരുവരും ചേർന്ന് അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത് വന്നത് മുതൽ ഇരുവർക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് ലോകമെമ്പാട് നിന്നും ഉയരുന്നത്. സംഭവം കൈവിട്ടു ‌പോകുമെന്നുറപ്പായതോടെ ഇന്നലെ ഇരുവരും ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗം വിശദീകരിച്ച് രംഗത്തെത്തുകയും, സംഭവത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു.

ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഔസ്മാൻ ഡെംബലെ‌ വിവാദ വീഡിയോയിലെ തന്റെ ഭാഗം വിശദീകരിച്ചത്. തന്റെ പ്രവൃത്തി വിവേചനപരമായി കണക്കാക്കാൻ കഴിയില്ലെന്ന് പറയുന്ന ഡെംബലെ ഇത് നടന്നത് ജപ്പാനിലാണെന്നും എന്നാൽ ലോകത്ത് എവിടെയായിരുന്നുവെങ്കിലും താൻ അതേ പദപ്രയോഗം തന്നെ ഉപയോഗിക്കുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ചില സമയങ്ങളിൽ താൻ ഇത്തരം പദപ്രയോഗങ്ങൾ സ്വകാര്യമായി, സുഹൃത്തുക്കൾക്കൊപ്പം ഉപയോഗിക്കാറുണ്ടെന്നും അങ്ങനെ ചെയ്യുന്നത് ആരുടേയും വംശത്തെ നോക്കിയല്ലെന്നും പറയുന്ന ഡെംബലെ, എന്നാൽ ഈ വീഡിയോയിലുള്ള ആളുകളെ ആ പ്രയോഗങ്ങൾ വ്രണപ്പെടുത്തിയതായി തനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ടെന്നും അതിനാൽ ഇക്കാര്യത്തിൽ അവരോട് ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നതായും കൂട്ടിച്ചേർത്തു.

വിവാദ വീഡിയോയിൽ ഡെംബലെക്കൊപ്പമുള്ള ഗ്രീസ്മാൻ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു‌ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. ഏത് തരത്തിലുള്ള വിവേചനത്തിനും താൻ എതിരാണെന്ന് പറയുന്ന ഗ്രീസ്മാൻ, തനിക്കെതിരായ ആരോപണങ്ങളെ ശക്തമായി നിരാകരിക്കുന്നുവെന്നും, ജാപ്പനീസ് സുഹൃത്തുക്കളെ താൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നുവെന്നും ട്വിറ്ററിൽ കുറിച്ചു.

അതേ സമയം ഡെംബലെയും, ഗ്രീസ്മാനും താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വീഡിയോ ഗെയിം ഇൻസ്റ്റാൾ ചെയ്യാനെത്തിയ ഏഷ്യൻ വംശജരായ ജോലിക്കാരായിരുന്നു വംശീയമായി അധിക്ഷേപിക്കപ്പെട്ടത്. ജോലിക്കാരുടെ മുഖം വൃത്തികെട്ടതാണെന്നും അവരുടെ ഭാഷ മോശമാണെന്നുമൊക്കെ വംശീയച്ചുവയോടെ ഡെംബെലെ പറയുന്നതും, ഇത് കേട്ട് ഗ്രീസ്മാൻ ചിരിക്കുന്നതുമെല്ലാം പുറത്തു വന്ന വീഡിയോയിലുണ്ട്.

സംഭവത്തിൽ ക്ഷമാപണവുമായി ഇരു താരങ്ങളും രംഗത്തെത്തിയെങ്കിലും അത്ര പെട്ടെന്ന് കാര്യങ്ങൾ തണുക്കില്ലെന്നാണ് കരുതപ്പെടുന്നത്. സംഭവത്തിൽ ഡെംബലെക്കും, ഗ്രീസ്മാനുമെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നുള്ള ആവശ്യവും സമൂഹ മാധ്യമങ്ങളിൽ ശക്തമാണ്‌‌.

facebooktwitterreddit