Football in Malayalam

അൻസു ഫാറ്റി എന്ന് ബാഴ്സലോണയുടെ സ്റ്റാർട്ടിംഗ് ഇലവനിലേക്ക് തിരിച്ചെത്തും; കൂമാൻ പറയുന്നത് ഇങ്ങനെ..

By Gokul Manthara
FC Barcelona v Levante - La Liga Santander
FC Barcelona v Levante - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

പരിക്കിന് ശേഷമുള്ള തന്റെ തിരിച്ചു വരവ് മത്സരത്തിൽ പകരക്കാരനായിറങ്ങി ഗോൾ നേടിയ അൻസു ഫാറ്റി വളരെയധികം ക്ഷീണിതനാണെന്നും തിരക്കു പിടിച്ച് അദ്ദേഹത്തെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തില്ലെന്നും ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. ബെൻഫിക്കക്കെതിരെ അടുത്ത ദിവസം നടക്കാനിരിക്കുന്ന ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അൻസു ഫാറ്റിയെ ഉടനേ കറ്റാലൻ ക്ലബ്ബിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ കാണാൻ കഴിയില്ലെന്ന് കൂമാൻ വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം നവംബറിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ അൻസു ഫാറ്റിക്ക് ഇത് മൂലം 10 മാസത്തേക്ക് കളിക്കളത്തിൽ നിന്ന് പുറത്തിരിക്കേണ്ടി വരുകയായിരുന്നു. ദീർഘകാലം മൈതാനത്തിന് വെളിയിലിരുന്ന ‌താരം ലെവാന്റക്കെതിരെ നടന്ന മത്സരത്തിൽ ബാഴ്സ സ്ക്വാഡിലേക്ക് തിരിച്ചെത്തുകയും പകരക്കാരനായി കളിക്കാനിറങ്ങി ഇഞ്ചുറി ടൈമിൽ ടീമിനായി ഗോൾ നേടുകയും ചെയ്തിരുന്നു. ഈ മത്സരത്തിലെ ഫാറ്റിയുടെ പ്രകടനത്തിൽ കൂമാൻ സന്തുഷ്ടനാണെങ്കിലും കളിക്ക് ശേഷം താരത്തിന് ക്ഷീണം അനുഭവപ്പെട്ടതായാണ് അദ്ദേഹം പറയുന്നത്.

"തിങ്കളാഴ്ച അദ്ദേഹം വളരെയധികം ക്ഷീണിതനായി. സംഭവിച്ചതെല്ലാം അവനിൽ വലിയ വൈകാരിക സ്വാധീനം ചെലുത്തി, വളരെക്കാലം പുറത്തിരുന്നതിന് ശേഷം തിരിച്ചെത്തുന്നു, സ്കോർ ചെയ്യുന്നു, കുടുംബത്തോടൊപ്പമുണ്ടായിരിക്കുന്നു. മാനസിക വശം നമ്മൾ മനസിൽ സൂക്ഷിക്കേണ്ടതുണ്ട്."

"അവൻ ഇന്ന് പ്രശ്നങ്ങളൊന്നുമില്ലാതെ പരിശീലനം നടത്തി. മത്സരങ്ങളിൽ കൂടുതൽ കളി സമയം അവന് നൽകുന്നതിന് വേണ്ടി ഞങ്ങൾ ശ്രമിച്ചു കൊണ്ടേയിരിക്കും. അത് അവൻ എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. ഞങ്ങൾക്ക് അവന്റെ മിനുറ്റുകൾ വർധിപ്പിക്കേണ്ടതുണ്ട്. എന്നാൽ ഓരോ മത്സരത്തിന് മുന്നോടിയായും അവന് എത്ര മിനുറ്റ് കളിക്കാനാകുമെന്ന കാര്യം എനിക്ക് പറയാനാകില്ല. അത് താരത്തെ ആശ്രയിച്ചിരിക്കും." വ്യാഴാഴ്ച പുലർച്ചെ ബെൻഫിക്കക്കെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൻസു ഫാറ്റി കളിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി കൂമാൻ പറഞ്ഞു.

അതേ സമയം ഒക്ടോബറിൽ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിനുള്ള സ്പാനിഷ് ദേശീയ ടീമിലേക്ക് അൻസു ഫാറ്റിക്ക് വിളി വരുമോ എന്ന ചോദ്യവും സംസാരത്തിനിടെ കൂമാന് നേരിടേണ്ടി വന്നു. എന്നാൽ താനല്ല ദേശീയ ടീം പരിശീലകനല്ലെന്നും അതിനാൽ ഇക്കാര്യം തനിക്കറിയില്ലെന്നും പറഞ്ഞ കൂമാൻ, ഇപ്പോളും നൂറ് ശതമാനം ഫിറ്റ്നസിലേക്കെത്തുന്നതിൽ നിന്ന് അകലെയാണ് ഫാറ്റിയെന്നും കൂട്ടിച്ചേർത്തു.

facebooktwitterreddit