Football in Malayalam

പ്രതിസന്ധികൾക്കിടയിൽ ബാഴ്‌സലോണക്ക് ആശ്വാസവാർത്ത, അൻസു ഫാറ്റി തിരിച്ചു വരവിനൊരുങ്ങുന്നു

Sreejith N
Dinamo Kiev v FC Barcelona - Group E - UEFA Champions League
Dinamo Kiev v FC Barcelona - Group E - UEFA Champions League / BSR Agency/GettyImages
facebooktwitterreddit

സാമ്പത്തിക പ്രതിസന്ധിയും താരങ്ങളുടെ അഭാവവും മൂലം മോശം ഫോമിൽ തുടരുന്ന ബാഴ്‌സലോണക്ക് ആശ്വാസമായി യുവതാരം അൻസു ഫാറ്റി ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. നവംബർ ആറിനു സെൽറ്റ വിഗോയുമായി നടന്ന ലാ ലിഗ മത്സരത്തിൽ പരിക്കേറ്റ പത്തൊൻപതു വയസുകാരനായ താരം ജനുവരി ആദ്യവാരം നടക്കുന്ന മത്സരത്തിൽ തന്നെ ടീമിനു വേണ്ടി കളത്തിലിറങ്ങുമെന്നാണ് മാർക്ക റിപ്പോർട്ടു ചെയ്യുന്നത്.

ഡിസംബർ 8നു ബയേൺ മ്യൂണിക്കിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൻസു ഫാറ്റി കളിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പരിശീലകൻ സാവി താരത്തെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ വർഷമുണ്ടായ പരിക്കിനെ തുടർന്ന് പത്തു മാസത്തോളം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്ന താരം പരിപൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കട്ടെ എന്നു തന്നെയായിരുന്നു സാവിയുടെയും ക്ലബ് നേതൃത്വത്തിന്റെയും നിലപാട്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വിന്റർ ബ്രേക്കിനു ശേഷം ജനുവരി രണ്ടിനു മയോർക്കക്കെതിരെ നടക്കുന്ന മത്സരത്തിൽ ഫാറ്റി ബാഴ്‌സലോണ ടീമിനൊപ്പം ഉണ്ടാകും. 2022ൽ ബാഴ്‌സ കളിക്കുന്ന ആദ്യ മത്സരത്തിനു മുൻപായി ഈ വർഷം എൽഷെ, സെവിയ്യ എന്നിവരുമായി മത്സരമുണ്ടെങ്കിലും അതിൽ ഫാറ്റിയെ പരീക്ഷിക്കാൻ സാവി ഒരുക്കമല്ല.

ഗോൾ നേടാൻ കഴിയുന്ന മികച്ചൊരു താരം ടീമിലില്ലാത്തത് ബാഴ്‌സലോണയുടെ ഈ സീസണിലെ മുന്നോട്ടു പോക്കിനെ വളരെയധികം ബാധിച്ചിരുന്നു. അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും അതു കൃത്യമായി മുതലാക്കാൻ കഴിയാതെ നിർണായക മത്സരങ്ങളിൽ വീണു പോയതാണ് ക്ലബ് ലീഗിൽ എട്ടാമതാകാനും ചാമ്പ്യൻസ് ലീഗിൽ പുറത്താക്കാനും കാരണമായത്.

എല്ലായിപ്പോഴും ഗോളിലേക്ക് കണ്ണു വെക്കുന്ന, ഗോളുകൾ കണ്ടെത്താൻ കഴിവുള്ള അൻസു ഫാറ്റി ടീമിലേക്ക് തിരിച്ചു വരുന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് വലിയൊരു ഊർജ്ജം തന്നെയാണ്. ഫാറ്റി തിരിച്ചെത്തി ഫോം കണ്ടെത്തുകയും ജനുവരിയിൽ ടീമിൽ പുതിയ താരങ്ങളെ എത്തിക്കുകയും ചെയ്‌താൽ ഈ സീസൺ മോശമല്ലാത്ത പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit