സാവിയുടെ ബാഴ്‌സലോണക്കു കൂടുതൽ കരുത്തു നൽകാൻ അൻസു ഫാറ്റി തിരിച്ചെത്തുന്നു
By Sreejith N

അത്‌ലറ്റിക് ബിൽബാവോക്കെതിരെ ജനുവരി അവസാനം നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ തോൽവി നേരിട്ടതിനു ശേഷം പന്ത്രണ്ടു മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കുകയും അവസാന മത്സരത്തിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കുകയും ചെയ്‌ത് തങ്ങൾ തിരിച്ചു വരവിന്റെ പാതയിലാണെന്നു വ്യക്തമാക്കിയ ബാഴ്‌സലോണക്ക് കൂടുതൽ കരുത്തു നൽകി യുവതാരം അൻസു ഫാറ്റി ടീമിലേക്ക് തിരിച്ചു വരുന്നു.
ബിൽബാവോക്കെതിരായ കോപ്പ ഡെൽ റേ മത്സരത്തിൽ പരിക്കേറ്റതിനു ശേഷം പിന്നീടു കളിച്ചിട്ടില്ലാത്ത ഫാറ്റി നിലവിലെ ഇന്റർനാഷണൽ ബ്രേക്കിനു ശേഷം ടീമിനൊപ്പം പരിശീലനം ആരംഭിക്കുമെന്നാണ് മാർക്കയുടെ റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം തുടർച്ചയായ പരിക്കുകൾ മൂലം കഴിഞ്ഞ സീസണും ഈ സീസണും ഭൂരിഭാഗവും നഷ്‌ടമായ താരം കളിക്കളത്തിലേക്ക് തിരിച്ചു വരുന്നത് പതിയെയാകുമെന്നാണ് റിപ്പോർട്ടുകൾ.
Ansu will return next week https://t.co/0SnpULdWcd
— SPORT English (@Sport_EN) March 23, 2022
കഴിഞ്ഞ സീസണിനിടെ ഗുരുതരമായി പരിക്കേറ്റ ഫാറ്റിക്ക് അതിനു ശേഷം പിന്നെ കളിക്കാൻ കഴിഞ്ഞത് ഈ സീസണിലാണ്. യൂറോ കപ്പ്, ഒളിമ്പിക്‌സ് പരിക്കു മൂലം താരത്തിന് നഷ്‌ടമാവുകയും ചെയ്‌തു. അവസാനം പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണമെന്നു പറഞ്ഞെങ്കിലും അതു ചിലപ്പോൾ കരിയർ തന്നെ നഷ്‌ടമാകാൻ കാരണമാകുമെന്ന സാഹചര്യമുള്ളതിനാൽ അതു വേണ്ടെന്നു വെച്ച് മറ്റു ചികിത്സകളാണ് തുടർന്നു വരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ടിനെതിരെ നടക്കുന്ന യൂറോപ്പ ലീഗ് രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിലോ കാഡിസിനെതിരെ നടക്കുന്ന ലീഗ് മത്സരത്തിലോ ആവും ഫാറ്റി കളിക്കാനിറങ്ങുക. പരിക്കിന്റെ ഭീഷണിയുള്ള താരത്തെ കൂടുതലും പകരക്കാരനായി ഉപയോഗിച്ച് സാവധാനത്തിൽ മുന്നോട്ടു കൊണ്ടുവരാനുള്ള പ്രക്രിയയാണ് ബാഴ്‌സ നടപ്പിലാക്കുന്നത്.
ബാഴ്‌സലോണക്കു വേണ്ടി ഏതാനും മത്സരങ്ങളിൽ മാത്രമേ കളിക്കാനിറങ്ങിയുള്ളൂ എങ്കിലും തന്റെ ഗോൾസ്കോറിങ് മികവ് കാണിക്കാൻ താരത്തിനു കഴിഞ്ഞിരുന്നു. സീസണിൽ പത്തു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടിയിട്ടുള്ള താരം ഓരോ 91 മിനുട്ടിലും ഒരു ഗോളെന്ന കണക്കിലാണ് ഈ സീസണിൽ വല കുലുക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.