അൻസു ഫാറ്റി ബാഴ്സലോണ ടീമിൽ, തിരിച്ചു വരവ് പത്തു മാസങ്ങൾക്കു ശേഷം


നീണ്ട പത്തു മാസങ്ങൾക്കു ശേഷം ബാഴ്സലോണ ടീമിൽ തിരിച്ചെത്തി അൻസു ഫാറ്റി. ലെവാന്റക്കെതിരെ ഞായറാഴ്ച നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിനുള്ള ടീമിലാണ് ഫാറ്റി ഇടം പിടിച്ചിരിക്കുന്നത്. സീസണിൽ ബാഴ്സലോണയുടെ മോശം പ്രകടനത്തിൽ നിരാശരായി തുടരുന്ന ആരാധകർക്ക് ആശ്വാസം പകരുന്നതാണ് ഈ വാർത്ത.
വാൽവെർദെ പരിശീലകനായിരിക്കുമ്പോൾ ബാഴ്സ ജുവനൈൽ ടീമിൽ നിന്നും നേരിട്ട് സീനിയർ ടീമിലെത്തിയ ഫാറ്റി തന്റെ പ്രകടനം കൊണ്ട് നിരവധി റെക്കോർഡുകൾ തകർക്കുകയും യൂറോപ്പിലെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തിരുന്നു. കൂമാൻ പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം കഴിഞ്ഞ സീസണിൽ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി മാറാനും താരത്തിനു കഴിഞ്ഞിരുന്നു.
? ????? ???? !! ? #BarçaLevante pic.twitter.com/mRnjSdu050
— FC Barcelona (@FCBarcelona) September 25, 2021
കഴിഞ്ഞ നവംബറിൽ ബാഴ്സലോണയുടെ ടോപ് സ്കോററായി നിൽക്കുമ്പോഴാണ് പരിക്ക് അൻസു ഫാറ്റിയുടെ കരിയറിൽ വില്ലനായി എത്തുന്നത്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് നിരവധി തവണ ശസ്ത്രക്രിയക്ക് വിധേയനായ താരത്തിനു കഴിഞ്ഞ സീസണിൽ ബാക്കിയുള്ള എല്ലാ മത്സരവും യൂറോ കപ്പും ഒളിമ്പിക്സും നഷ്ടമായിരുന്നു.
എന്നാൽ പരിക്കിൽ നിന്നും പൂർണമായും വിമുക്തനായതിനു ശേഷമുള്ള താരത്തിന്റെ തിരിച്ചു വരവ് നിലവിലെ സാഹചര്യത്തിൽ ബാഴ്സലോണ ആരാധകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്നതാണ്. മെസിയുടെ പത്താം നമ്പർ ജേഴ്സി ഇനിയണിയാൻ പോകുന്ന ഫാറ്റി അർജന്റീനിയൻ താരം ഉണ്ടാക്കിയ വിടവിനെ നികത്തുമെന്ന് ആരാധകർ കരുതുന്നു.
ലെവന്റക്കെതിരായ മത്സരത്തിൽ പകരക്കാരനായാവും ഫാറ്റി ഇറങ്ങുന്നുണ്ടാവുക. അതേസമയം പരിക്കിൽ നിന്നും ഇനിയും മുക്തരാവാത്ത ജോർദി ആൽബ, പെഡ്രി, സെർജിയോ അഗ്യൂറോ, ബ്രൈത്ത്വൈറ്റ്, ഓസ്മാനെ ഡെംബലെ എന്നിവർ ഇപ്പോഴും ടീമിനു പുറത്താണ്.