Football in Malayalam

ഒരു കടമ്പ കൂടി, അൻസു ഫാറ്റി ബാഴ്‌സയിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു

Sreejith N
FBL-LIGA-BARCELONA
FBL-LIGA-BARCELONA / LLUIS GENE/Getty Images
facebooktwitterreddit

പോർട്ടോയിൽ വെച്ച് ഒന്നര മാസം മുൻപ് നടത്തിയ ശസ്ത്രക്രിയക്കു ശേഷം ബാഴ്‌സലോണ യുവതാരമായ അൻസു ഫാറ്റിയുടെ ആരോഗ്യസ്ഥിതി വളരെയധികം പുരോഗതി കൈവരിച്ചുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നവംബറിൽ പരിക്കേറ്റു പുറത്തു പോയതിനു ശേഷം പിന്നീടൊരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ കഴിഞ്ഞിട്ടില്ലാത്ത താരം തിരിച്ചു വരവിനു വേണ്ടി തയ്യാറെടുക്കുകയാണെന്നും മാർക്കയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിലവിൽ മാഡ്രിഡിലുള്ള ഫിസിയോതെറാപ്പിസ്റ്റിനു കീഴിൽ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ഫാറ്റി ബാഴ്‌സലോണ മെഡിക്കൽ ടീമുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം താരം ബാഴ്‌സലോണയുടെ പ്രീ സീസൺ മത്സരങ്ങൾക്കുള്ള ടീമിന്റെ ഭാഗമായി മാറാനും സാധ്യതയുണ്ട്.

താരത്തിന്റെ പരിക്കിൽ നിന്നുള്ള മോചനം വളരെ മെല്ലെയാണു മുന്നോട്ടു പോകുന്നതെങ്കിലും അത് ബാഴ്‌സലോണ പദ്ധതിയിട്ടതു പോലെ തന്നെയാണു പുരോഗമിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബാഴ്‌സലോണ മെഡിക്കൽ ടീമിന്റെ പച്ചക്കൊടി ലഭിക്കുകയെന്ന കടമ്പ കടന്നാൽ ഫാറ്റി പ്രീ സീസൺ മത്സരങ്ങൾക്കുള്ള ടീമിന്റെ ഭാഗമായി മാറും.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമെന്ന സാഹചര്യത്തിൽ നിൽക്കുമ്പോഴാണ് ഫാറ്റിയെ പരിക്ക് പിടികൂടുന്നത്. നവംബർ 7നു പരിക്കു പറ്റിയ താരം അതുവരെ മാത്രം അഞ്ചു ഗോളുകളാണ് സീസണിൽ അടിച്ചു കൂട്ടിയിരുന്നത്. താരത്തിനേറ്റ പരിക്ക് ബാഴ്‌സലോണയുടെ സീസണെയും ബാധിച്ചിരുന്നു.

പരിക്ക് മൂലം യൂറോ കപ്പിനുള്ള സ്പെയിൻ ടീമിന്റെ ഭാഗമാകാനുള്ള അവസരവും ഫാറ്റിക്ക് നഷ്‌ടമായിരുന്നു. ഗോളിന് വേണ്ടി വളരെയധികം ശ്രമം നടത്തുന്ന ഫാറ്റിയെപ്പോലൊരു താരത്തിന്റെ അഭാവം സ്പെയിൻ ടീമിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. ആദ്യ രണ്ടു മത്സരത്തിൽ സ്പെയിൻ മുന്നേറ്റനിരയുടെ പ്രകടനം വളരെ ദയനീയമായിരുന്നപ്പോൾ അവസാന ഗ്രൂപ്പ് മത്സരത്തിൽ മാത്രമാണ് അവർ ഫോമിലെത്തിയത്.


facebooktwitterreddit