റെക്കോർഡ് റിലീസ് ക്ലോസോടെ അൻസു ഫാറ്റിക്ക് വമ്പൻ കരാർ നൽകി ബാഴ്സലോണ


യുവതാരമായ അൻസു ഫാറ്റിയുമായി നിലവിലുള്ള കരാർ പുതുക്കി ബാഴ്സലോണ. അഞ്ചര വർഷം ദൈർഘ്യമുള്ള കരാറൊപ്പിട്ട താരം 2027 വരെയാണ് ബാഴ്സലോണയിൽ തുടരുക. ലോകഫുട്ബാളിലെ തന്നെ ഏറ്റവുമുയർന്ന റിലീസ് ക്ലോസായ ഒരു ബില്യൺ യൂറോയും താരത്തിന്റെ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാറ്റിക്കു പുറമെ ബെൻസിമ, ഫെഡെ വാൽവെർദെ, പെഡ്രി എന്നിവർക്കു മാത്രമാണ് ഇത്രയും ഉയർന്ന തുക റിലീസ് ക്ലോസായുള്ളത്.
ഈ വർഷത്തോടെ അവസാനിക്കാനിരിക്കുന്ന ഫാറ്റിയുടെ കരാർ രണ്ടു വർഷത്തേക്കു കൂടി നീട്ടാൻ ബാഴ്സലോണക്ക് കഴിയും എന്നിരിക്കെയാണ് അഞ്ചര വർഷത്തേക്കുള്ള കരാർ കാറ്റലൻ ക്ലബ് നൽകിയത്. മെസി ക്ലബ് വിട്ടതിനു ശേഷം ബാഴ്സയുടെ പത്താം നമ്പർ ജേഴ്സിയണിയുന്ന താരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കും ഇതോടെ അവസാനമായിരിക്കയാണ്.
BREAKING: Barcelona have announced starlet Ansu Fati has signed a new contract until June 2027 with a €1bn release clause ?
— Sky Sports News (@SkySportsNews) October 20, 2021
ഫാറ്റി, പെഡ്രി എന്നിവരുടെ കരാർ പുതുക്കുന്ന കാര്യം ബാഴ്സ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഈ രണ്ടു യുവതാരങ്ങളെ സ്വന്തമാക്കാൻ മറ്റു ക്ലബുകൾ ശ്രമം നടത്തുന്നതിനിടയിലാണ് അവരെ ദീർഘകാലത്തേക്ക് ടീമിന്റെ ഭാഗമാക്കുന്നതിൽ ബാഴ്സലോണ വിജയിച്ചത്.
പത്തൊൻപതു വയസിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന അൻസു ഫാറ്റി ഇപ്പോൾ തന്നെ ബാഴ്സലോണക്കു വേണ്ടി 47 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 2019ൽ അരങ്ങേറ്റം കുറിച്ചതിൽ പിന്നീട് ഏറെ ചർച്ചാവിഷയമായ താരം പത്തു മാസത്തോളം പരിക്കേറ്റു പുറത്തിരുന്നതിനു ശേഷം ഈ മാസമാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.
ഈ സീസണിൽ നാല് മത്സരം കളിച്ച താരം രണ്ടു തവണ ടീമിനു വേണ്ടി ഗോൾ കണ്ടെത്തിയിട്ടുണ്ട്. പരിക്കു മൂലം വളരെയധികം കാലം പുറത്തിരിക്കേണ്ടി വന്നതിന്റെ പ്രശ്നങ്ങളെ മറികടന്നാൽ കൂടുതൽ മികച്ച പ്രകടനം താരം നടത്തുമെന്നാണ് ബാഴ്സ ആരാധകരുടെ പ്രതീക്ഷ.