FC Barcelona News

തിരിച്ചുവരവിനൊരുങ്ങി ഫാറ്റി, സാവിയുടെ കീഴിൽ ബാഴ്‌സലോണക്കുണ്ടായ പ്രധാന മാറ്റം വെളിപ്പെടുത്തി താരം

Sreejith N
Ansu Fati Says Xavi Has Changed Barcelona's Mindset
Ansu Fati Says Xavi Has Changed Barcelona's Mindset / -/GettyImages
facebooktwitterreddit

പതിനാറാം വയസിൽ തന്നെ ബാഴ്‌സലോണ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുകയും അതിനു ശേഷം അത്ഭുതപ്പെടുത്തുന്ന പ്രകടനം കൊണ്ട് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്‌തെ അൻസു ഫാറ്റിക്ക് കരിയറിൽ തിരിച്ചടി ലഭിച്ചത് പരിക്കിന്റെ രൂപത്തിലായിരുന്നു. കഴിഞ്ഞ സീസൺ പരിക്കു മൂലം ഏറെക്കുറെ നഷ്‌ടമായ താരത്തിന് ഈ സീസണിലും പത്തു മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

കഴിഞ്ഞ ജനുവരിയിൽ അത്‌ലറ്റിക് ക്ലബിനെതിരെ നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ അവസാനമായി ബാഴ്‌സലോണക്കു വേണ്ടിയിറങ്ങിയ അൻസു ഫാറ്റി അതിനു ശേഷം പരിക്ക് മൂലം പിന്നീട് കളത്തിലിറങ്ങിയിട്ടില്ല. എന്നാൽ നിലവിലെ സീസൺ അവസാനിക്കാൻ ഒരു മാസത്തിലധികം ബാക്കി നിൽക്കെ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് താരം. സാവിക്കു കീഴിൽ ബാഴ്‌സ ടീമിന് സംഭവിച്ച മാറ്റത്തെക്കുറിച്ചും കഴിഞ്ഞ ദിവസം താരം സംസാരിച്ചു.

"സാവിയുടെ കീഴിൽ കളിക്കുന്നതിനെ ഞാൻ ഉറ്റുനോക്കുകയാണ്, കാരണം ടീം വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു. ടീം നല്ല കളി കാഴ്‌ച വെക്കുന്നുണ്ട്. പെട്ടന്നു തന്നെ ടീമിനൊപ്പം ചേരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പരിശീലകനെ മാറ്റിയത് ടീമിന് വളരെ ഗുണം ചെയ്‌തു. കളിക്കാർ കഠിനാധ്വാനം നടത്തുന്നതിന്റെ ഒരു വ്യത്യസ്‌ത മനോഭാവം മത്സരഫലങ്ങളിൽ കാണാൻ കഴിയും." സോളിഡാരിറ്റി സ്റ്റോറീസ് ഓഫ് സ്പോർട്ട് എന്ന തന്റെ പുസ്‌തകം ലോഞ്ച് ചെയ്യുന്ന ചടങ്ങിൽ ഫാറ്റി പറഞ്ഞു.

ഈ സീസണിൽ ആകെ പത്തു മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഫാറ്റി അതിൽ നാലെണ്ണത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടുള്ളൂ. എങ്കിൽ തന്നെയും സീസണിൽ അഞ്ചു ഗോളുകൾ താരത്തിന്റെ പേരിൽ ഇപ്പോഴുണ്ട്. പരിക്കിൽ നിന്നും പൂർണമായും മോചിതനായാൽ വളരെ അപകടകാരിയായ ഒരു സ്‌ട്രൈക്കറെ തന്നെയാണ് ഫാറ്റിയിലൂടെ ബാഴ്‌സലോണക്ക് ലഭിക്കുക. എന്നാൽ താരത്തിന് അടിക്കടി പരിക്കേൽക്കുന്നതു മൂലം കൂടുതൽ ഭാരം നൽകാൻ പദ്ധതിയില്ലെന്നു സാവി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit