ലയണൽ മെസിയുടെ പത്താം നമ്പർ ജേഴ്സിയിനി അൻസു ഫാറ്റി അണിയും, ഔദ്യോഗികമായി സ്ഥിരീകരിച്ച് ബാഴ്സലോണ


കരാർ പുതുക്കി നൽകാൻ കഴിയില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയതിനെ തുടർന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിയുടെ പത്താം നമ്പർ ജേഴ്സിയിനി യുവതാരം അൻസു ഫാറ്റി അണിയും. ബാഴ്സക്കു വേണ്ടി ചരിത്രനേട്ടങ്ങൾ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമാക്കിയ സ്പാനിഷ് താരത്തിന് പത്താം നമ്പർ ജേഴ്സി കൈമാറിയ വിവരം ക്ലബ് ഇന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ലയണൽ മെസി ബാഴ്സലോണ വിട്ടതോടെ താരത്തിന്റെ പത്താം നമ്പർ ജേഴ്സി ആർക്കാണ് നൽകുകയെന്ന കാര്യത്തിൽ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. അൻസു ഫാറ്റിക്കൊപ്പം പെഡ്രി, കുട്ടീന്യോ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു കേട്ടിരുന്നെങ്കിലും ലാ മാസിയയിൽ നിന്നും ഉയർന്നു വന്ന ഫാറ്റിക്കു തന്നെ അതു കൈമാറാൻ ബാഴ്സ തീരുമാനിച്ചത് ആരാധകർക്കും സംതൃപ്തിയുണ്ടാക്കുന്ന തീരുമാനമായി.
Our new number ?
— FC Barcelona (@FCBarcelona) September 1, 2021
Made in La Masia ?❤️
⭐️ @ANSUFATI ⭐️ pic.twitter.com/co6NcpjxOx
വാൽവെർദെ പരിശീലകനായിരുന്ന സമയത്ത് പതിനാറാം വയസിലാണ് ഫാറ്റി സീനിയർ ടീമിനു വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം തന്റെ പ്രതിഭയുടെ ആഴം എത്രത്തോളമുണ്ടെന്നു വ്യക്തമാക്കുന്ന പ്രകടനം കാഴ്ച വെച്ച താരം 42 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ കാറ്റലൻ ക്ലബിനു വേണ്ടി നേടിയിട്ടുണ്ട്. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾസ്കോററെന്ന റെക്കോർഡും ഫാറ്റിയുടെ പേരിലാണ്.
മെസിയുടെ ഫോം മങ്ങിയ കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ബാഴ്സലോണക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ ഫാറ്റിക്കു പക്ഷെ പരിക്കു തിരിച്ചടി നൽകുകയായിരുന്നു. കഴിഞ്ഞ നവംബറിൽ പരിക്കു പറ്റിയതിനെ തുടർന്ന് തുടർ ശസ്ത്രക്രിയകൾ വേണ്ടി വന്നതിനാൽ സീസണും യൂറോ കപ്പും നഷ്ടമായ താരം ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപ് ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെസിയുടെ പത്താം നമ്പർ ജേഴ്സി ലഭിച്ചതിനൊപ്പം പ്രതീക്ഷകളുടെ വലിയൊരു ഭാരം കൂടിയാണ് പതിനെട്ടു വയസു മാത്രം പ്രായമുള്ള ഫാറ്റിയുടെ ചുമലിലുള്ളത്. സാമ്പത്തിക പ്രതിസന്ധികൾ മൂലം ഈ സീസണിൽ നല്ലൊരു ടീമിനെ ഒരുക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ബാഴ്സക്കു ശക്തി പകരാൻ ഫാറ്റിക്ക് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.