Football in Malayalam

ബയേണിനെതിരെയുള്ള നിർണായക ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളത്തിലിറങ്ങാൻ കഠിനാധ്വാനം ചെയ്‌ത്‌ അൻസു ഫാറ്റി

Sreejith N
FC Barcelona v Real Madrid CF - La Liga Santander
FC Barcelona v Real Madrid CF - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ബാഴ്‌സലോണയെ സംബന്ധിച്ച് ഈ സീസണിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സരമാണ് ഡിസംബർ എട്ടിനു ബയേൺ മ്യൂണിക്കിന് എതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടം. ആ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ സീസണിൽ യൂറോപ്പ ലീഗ് കളിക്കേണ്ട സാഹചര്യമാണ് ബാഴ്‌സലോണ നേരിടാൻ പോകുന്നത്. അതുകൊണ്ടു തന്നെ ആശങ്കയോടെയാണ് ആരാധകർ ആ മത്സരത്തെ കാണുന്നത്.

ബാഴ്‌സലോണയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ഗോളുകൾ കണ്ടെത്താൻ കഴിയുന്നൊരു താരം ടീമിനൊപ്പം ഇല്ലെന്നതാണ്. അൻസു ഫാറ്റി മികച്ചൊരു ഗോൾസ്കോറർ ആണെങ്കിലും താരത്തിന് നിരന്തരം പരിക്കേൽക്കുന്നത് ബാഴ്‌സലോണയുടെ ഈ സീസണിലെ മുന്നോട്ടു പോക്കിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇപ്പോഴും പരിക്കു മൂലം പുറത്തിരിക്കുന്ന താരം പക്ഷെ, ബയേണിനെതിരെ തിരിച്ചു വരാനുള്ള കഠിനമായ പരിശ്രമത്തിലാണ്.

ബാഴ്‌സലോണ സ്‌ക്വാഡിന് രണ്ടു ദിവസത്തെ അവധി സാവി നൽകിയതു കൊണ്ട് ബുധനാഴ്‌ച മുതൽ താരങ്ങൾ ട്രെയിനിങ് ഗ്രൗണ്ടിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇന്നലെ തന്നെ അൻസു ഫാറ്റി പരിക്കിൽ നിന്നും മുക്തനാവാനുള്ള ശ്രമങ്ങളുടെ ഭാവമായി ട്രെയിനിങ് സെന്ററിൽ എത്തിയിട്ടുണ്ട്. താരം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തുവെന്ന് മാർക്ക വെളിപ്പെടുത്തുന്നു.

സെൽറ്റ വിഗോക്കെതിരായ ലീഗ് മത്സരത്തിൽ ബാഴ്‌സലോണ മൂന്നു ഗോളിന് മുന്നിൽ നിൽക്കുമ്പോഴാണ് പരിക്കു പറ്റിയതിനെ തുടർന്ന് അൻസു ഫാറ്റി ഹാഫ് ടൈമിൽ കളിക്കളം വിടുന്നത്. അതിനു ശേഷം ബാഴ്‌സ മൂന്നു ഗോളുകൾ വഴങ്ങുകയും ചെയ്‌തു. അതിനു ശേഷം ഇതുവരെയും കളിച്ചിട്ടില്ലാത്ത താരം ബയേണിനെതിരെ ഇറങ്ങുമോ എന്നതിൽ ഇപ്പോഴും തീർച്ചയില്ല.

മത്സരം വളരെ നിർണായകമാണെങ്കിലും ഫാറ്റിയുമായി ബന്ധപ്പെട്ട് ഒരു സാഹസത്തിനു ബാഴ്‌സലോണ മുതിരില്ലെന്നുറപ്പാണ്. അടുത്തയാഴ്‌ചക്കു മുൻപേ മെഡിക്കൽ പരിശോധനകൾ നടത്തി ഫിറ്റ്നസ് വീണ്ടെടുത്തുവെന്ന് ഉറപ്പാക്കിയാൽ മാത്രമേ താരത്തെ ബയേണിനെതിരെ ഇറക്കുകയുള്ളൂ.

facebooktwitterreddit