ഡൈനാമോ കീവിനെതിരെ ബാഴ്സയുടെ വിജയഗോൾ നേടിയത് അഗ്യൂറോക്ക് സമർപ്പിച്ച് അൻസു ഫാറ്റി


ഡൈനാമോ കീവിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം ബാഴ്സലോണയെ സംബന്ധിച്ച് അതിനിർണായകമായ ഒന്നായിരുന്നു. മത്സരത്തിൽ വിജയത്തിൽ കുറഞ്ഞ ഏതൊരു ഫലവും ബാഴ്സലോണയുടെ നോക്ക്ഔട്ട് സാധ്യതകളെ ബാധിക്കും എന്നിരിക്കെ യുവതാരം അൻസു ഫാറ്റി എഴുപതാം മിനുട്ടിൽ നേടിയ ഒരേയൊരു ഗോളിൽ എതിരാളികളുടെ മൈതാനത്ത് വിജയം കണ്ടെത്തുകയായിരുന്നു കാറ്റലൻ ക്ലബ്.
ഗോൾ നേടിയതിനു ശേഷമുള്ള താരത്തിന്റെ ആഘോഷത്തിനും പ്രത്യേകത ഉണ്ടായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ മത്സരത്തിനിടയിൽ നിന്നും പിൻവലിക്കപ്പെടുകയും ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്ത സെർജിയോ അഗ്യൂറോക്കാണ് ഫാറ്റി തന്റെ ഗോൾ സമർപ്പിച്ചത്. അഗ്യൂറോയുടെ ട്രേഡ് മാർക്ക് ഗോളാഘോഷം അനുകരിച്ചാണ് ഫാറ്റി താരത്തിന് ഗോൾ സമർപ്പിച്ചത്.
"അദ്ദേഹം കഴിഞ്ഞയാഴ്ച്ചകളിൽ കടന്നു പോയ അവസ്ഥകളെ ഓർത്ത് അഗ്യൂറോക്കാണു ഞാൻ ഗോൾ സമർപ്പിച്ചത്. ഞങ്ങൾക്ക് ഒരുപാട് നൽകിയ താരമായ അദ്ദേഹം ഇനി കുറച്ചു കാലം പുറത്തിരിക്കാൻ പോവുകയാണ്. ഈ വിജയവും താരത്തിനാണ്, അദ്ദേഹം എത്രയും വേഗം തിരിച്ചുവരുമെന്നു കരുതുന്നു," മത്സരത്തിനു ശേഷം ഫാറ്റി പറഞ്ഞു.
Ansu Fati with a nod to Aguero after scoring ❤️
— ESPN FC (@ESPNFC) November 2, 2021
That's love! pic.twitter.com/RcwzyjLxjp
"ഞങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ടെന്നും അതിനു കൂടുതൽ അധ്വാനിക്കണം എന്നുമറിയാം. ചാമ്പ്യൻസ് ലീഗ് വളരെ ബുദ്ധിമുട്ടേറിയതായതു കൊണ്ട് ഞങ്ങൾ തയ്യാറായിരിക്കണം. ലാ ലിഗയിലും അതു തന്നെയാണ്. എല്ലാം ബുദ്ധിമുട്ടാണെങ്കിലും ഞങ്ങൾക്ക് മുന്നോട്ടേക്ക് പോയെ മതിയാവൂ. കഴിഞ്ഞ സീസണിൽ ഞങ്ങൾ ലീഗ് വിജയിക്കുന്നതിന്റെ അടുത്തെത്തിയിരുന്നു. ഇത്തവണ വലിയ സീസണായതു കൊണ്ട് ഞങ്ങൾക്ക് എല്ലാറ്റിനും സമയമുണ്ടെന്നാണ് കരുതുന്നത്," ഫാറ്റി പറഞ്ഞു.
മത്സരത്തിൽ വിജയം നേടിയതോടെ ബെൻഫിക്കയെ പിന്നിലാക്കി ബാഴ്സലോണ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്. ഇനി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബയേൺ മ്യൂണിക്കിനെയും മൂന്നാം സ്ഥാനക്കാരായ ബെൻഫിക്കയെയും നേരിടാനുള്ള ബാഴ്സലോണയ്ക്ക് ഒരു തോൽവി പോലും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തേക്കുള്ള വഴി തുറന്നേക്കും.