Football in Malayalam

അൻസു ഫാറ്റിക്ക്‌ മൂന്നാമതും ശസ്ത്രക്രിയ വേണ്ടി വന്നേക്കും, താരത്തിന്റെ തിരിച്ചു വരവ് നീളും

Sreejith N
FC Barcelona v Dynamo Kyiv: Group G - UEFA Champions League
FC Barcelona v Dynamo Kyiv: Group G - UEFA Champions League / Quality Sport Images/Getty Images
facebooktwitterreddit

ആഭ്യന്തര സംഘർഷങ്ങൾ പുകഞ്ഞിരുന്നതു മൂലം ഈ സീസണിന്റെ തുടക്കത്തിൽ പതറിയിരുന്ന ബാഴ്‌സലോണയെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ യുവതാരമായ അൻസു ഫാറ്റി നിർണായകമായ പ്രകടനമാണ് കാഴ്‌ച വെച്ചിരുന്നത്. പത്ത് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ കണ്ടെത്തിയ താരത്തിന് ഈ സീസൺ മികച്ചതാവുമെന്ന പ്രതീക്ഷിച്ച സമയത്താണ് പരിക്ക് വില്ലനായെത്തുന്നത്. നവംബറിൽ പരിക്കേറ്റു ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് നാല് മാസം പുറത്തിരിക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്.

മൂന്നു മാസത്തെ വിശ്രമവും ഒരു മാസത്തെ വർക്ക് ഔട്ടുമാണ് താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ നിർദ്ദേശിക്കപ്പെട്ടതെങ്കിലും ജനുവരിയിൽ കാര്യങ്ങൾ വീണ്ടും സങ്കീർണമായി. ആ മാസം താരം വീണ്ടും ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും ബാഴ്‌സലോണ അതിനെക്കുറിച്ച് ഔദ്യോഗികമായി യാതൊരു വിവരവും പുറത്തു വിട്ടിരുന്നില്ല. താരം കളിക്കളത്തിലേക്ക് തിരിച്ചു വരാനുള്ള തെറാപ്പിയിലാണെന്നാണ് ക്ലബ് അറിയിച്ചത്.

എന്നാൽ റേഡിയോ കാറ്റലോണിയ പ്രോഗ്രാമിനിടയിൽ പുറത്തു വന്ന വിവരങ്ങൾ പ്രകാരം സ്‌പാനിഷ്‌ താരത്തിന്റെ നിലവിലെ സാഹചര്യം ആരാധകർക്കിടയിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നതാണ്. ഫാറ്റിയെ കളിക്കളത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള പ്രക്രിയകൾ ഉദ്ദേശിച്ച രീതിയിൽ പുരോഗമിക്കുന്നില്ലെന്നും വീണ്ടും പരിക്കിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന താരത്തിന് മൂന്നാമതൊരു ശസ്ത്രക്രിയ നടത്തുന്ന കാര്യം ബാഴ്‌സലോണയുടെ പരിഗണനയിൽ ഉണ്ടെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കാൽമുട്ടിലെ മെനിസ്‌കസിൽ പരിക്കേറ്റ താരം മൂന്നാമത്തെ ശസ്ത്രക്രിയക്ക് വിധേയമാവുകയാണെങ്കിൽ ഈ സീസണിൽ ബാഴ്‌സലോണ ടീമിലേക്ക് തിരിച്ചു വരവുണ്ടാകില്ലെന്നതു വ്യക്തമാണ്. ഇതിനു പുറമെ സ്പെയിനൊപ്പം യൂറോ കപ്പും ടോക്കിയോ ഒളിമ്പിക്‌സ് മത്സരങ്ങളും താരത്തിന് പൂർണമായും നഷ്‌ടമാകും.

അതേസമയം താരത്തെ ധൃതി പിടിച്ച് കളിക്കളത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ യാതൊരു പദ്ധതിയും ഇപ്പോൾ ബാഴ്‌സലോണക്കില്ല. വെറും പതിനെട്ടു വയസു മാത്രം പ്രായമുള്ള, ക്ലബിന്റെ ഭാവി താരമെന്ന വിശേഷണത്തിന് അർഹനായ അൻസു ഫാറ്റി പൂർണമായും സുഖപ്പെടുന്നതു വരെ കാത്തിരിക്കാൻ ബാഴ്‌സലോണ നേതൃത്വം തയ്യാറാണ്.


facebooktwitterreddit