പരിക്കിൽ നിന്നുമുള്ള തിരിച്ചു വരവിലെ ഗോൾനേട്ടം ബാഴ്സലോണ ടീം ഡോക്ടർക്കൊപ്പം ആഘോഷിച്ച് ഫാറ്റി


പത്തു മാസം പരിക്കു മൂലം പുറത്തിരിക്കേണ്ടി വന്നതിനു ശേഷം കളിക്കളത്തിലേക്കുള്ള തിരിച്ചു വരവിൽ ബാഴ്സക്കു വേണ്ടി മിനുറ്റുകൾക്കകം ഗോൾ നേടി അൻസു ഫാറ്റി. ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ ലെവാന്റക്കെതിരെ എൺപത്തിയൊന്നാം മിനുട്ടിൽ ലൂക്ക് ഡി ജോങിനു പകരക്കാരനായി കളത്തിലിറങ്ങിയ താരം പത്തു മിനിറ്റിനകം തന്നെ തന്റെ തിരിച്ചുവരവിലെ ആദ്യത്തെ ഗോൾ കണ്ടെത്തുകയായിരുന്നു.
ആദ്യപകുതിയിൽ മെംഫിസ് ഡീപേയ്, ലൂക്ക് ഡി ജോംഗ് എന്നിവർ നേടിയ ഗോളുകളിൽ ബാഴ്സ മുന്നിലെത്തിയ മത്സരത്തിന്റെ അവസാന മിനുട്ടുകളിലാണ് ഫാറ്റി കളത്തിലിറങ്ങുന്നത്. ദീർഘകാലം കളിക്കളത്തിനു പുറത്തിരുന്ന താരം മൈതാനത്ത് ഇറങ്ങിയപ്പോൾ ആരാധകരുടെ കയ്യടികളും ആർപ്പുവിളികളും മുഴങ്ങുന്നുണ്ടായിരുന്നു. യാതൊരു സമ്മർദ്ദവുമില്ലാതെ കളിച്ച താരം ഇഞ്ചുറി ടൈമിലാണ് ലെവാന്റെ ഗോൾകീപ്പർ ഐറ്റർ ഫെർണാണ്ടസിനെ മറികടന്ന് ഒരു പവർഫുൾ ഷോട്ടിലൂടെ ഗോൾ കണ്ടെത്തുന്നത്.
Ansu Fati celebrated his goal with the doctor who helped him in his recovery ❤️ pic.twitter.com/bYM2o49i0E
— ESPN FC (@ESPNFC) September 26, 2021
പരിക്കിൽ നിന്നും തിരിച്ചു വന്നതിനു ശേഷമുള്ള തന്റെ ആദ്യത്തെ ഗോൾനേട്ടം താരം ആഘോഷിച്ചതിലും പ്രത്യേകത ഉണ്ടായിരുന്നു. ടീമംഗങ്ങൾക്കൊപ്പമുള്ള ആഘോഷം കഴിഞ്ഞതിനു ശേഷം ബാഴ്സലോണ ടീം ഡോക്ടറുടെ അരികിലേക്ക് ഓടിപ്പോയ ഫാറ്റി അദ്ദേഹത്തെ ആലിംഗനം ചെയ്താണു തന്റെ നന്ദി പ്രകടിപ്പിച്ചത്. പരിക്കിൽ നിന്നും തിരിച്ചു വരാൻ തന്നെ സഹായിച്ച ഡോക്ടറോട് താരം കടപ്പാടറിയിക്കുന്നത് മനോഹരമായൊരു രംഗമായിരുന്നു.
ബാഴ്സലോണ ടീമിൽ പതിനാറാം വയസിൽ അരങ്ങേറ്റം കുറിച്ചപ്പോൾ തന്നെ ഫാറ്റി കാണിച്ചിരുന്ന ആത്മവിശ്വാസവും ഗോളുകൾ നേടാനുള്ള താരത്തിന്റെ കഴിവും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നലത്തെ ഗോളോടെ ബാഴ്സലോണ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഫാറ്റി നൽകിയിരിക്കുന്നത്. ലയണൽ മെസിയുടെ പത്താം നമ്പർ ജേഴ്സി ലഭിച്ച താരത്തിന് അതിനെ സാധൂകരിക്കാൻ കഴിയുന്ന പ്രകടനം നടത്താൻ കഴിയുമെന്നും ആരാധകർ കരുതുന്നു.