ബാഴ്സലോണ താരം അൻസു ഫാറ്റി കെയ്ലിൻ എംബാപ്പയേക്കാൾ മികച്ച താരമെന്നു ലാ ലിഗ പ്രസിഡന്റ്


ബാഴ്സലോണയുടെ യുവവിസ്മയമായ അൻസു ഫാറ്റികെയ്ലിൻ എംബാപ്പയേക്കാൾ മികച്ച താരമാണെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. പതിനാറാം വയസിൽ തന്നെ ബാഴ്സക്കു വേണ്ടി അരങ്ങേറ്റം കുറിച്ച് നിരവധി ഗോൾസ്കോറിങ് റെക്കോർഡുകൾ സ്വന്തം പേരിലാക്കിയ ഫാറ്റി തന്റെ പ്രകടന മികവു കൊണ്ട് യൂറോപ്പിലെ ശ്രദ്ധാകേന്ദ്രമായി മാറിയ താരമാണ്.
കഴിഞ്ഞ വർഷം നവംബറിൽ പരിക്കേറ്റതിനെ തുടർന്ന് ഫാറ്റിക്ക് പത്തു മാസത്തോളം കളിക്കളത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. അതിനു ശേഷം തിരിച്ചെത്തിയ താരം ഗോളുകൾ നേടി ഫോം വീണ്ടെടുത്തു കൊണ്ടിരിക്കെ വീണ്ടും പരിക്കേറ്റതിനെ തുടർന്ന് ഫിറ്റ്നസ് വീണ്ടെടുത്തു കൊണ്ടിരിക്കയാണ്.
സ്പാനിഷ് മാധ്യമമായ കോപ്പിനോട് സംസാരിക്കുമ്പോഴാണ് ലാ ലിഗ പ്രസിഡന്റ് എംബാപ്പയെയും ഫാറ്റിയെയും താരതമ്യം ചെയ്തത്. "അൻസു ഫാറ്റി എംബാപ്പയേക്കാൾ മികച്ച താരമാണ്, അല്ലെങ്കിൽ അതെ തലത്തിലാണ്," അദ്ദേഹം പറഞ്ഞു.
അവസാനം സംഭവിച്ച പരിക്കു മൂലം ഏതാണ്ട് മൂന്നാഴ്ച ഫാറ്റിക്ക് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. അതിനു മുൻപായി ഈ സീസണിൽ എട്ടു മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം നാല് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
യൂറോപ്പിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന ഫാറ്റിക്കാണ് മെസിയുടെ പത്താം നമ്പർ ജേഴ്സി ബാഴ്സലോണ കൈമാറിയതെന്നത് താരത്തിന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്നു. അതിനു പുറമെ ടെബാസ് നടത്തിയ പരാമർശവും താരത്തിനുള്ള അഭിനന്ദനമാണ്.