Indian Football

മറ്റു പരിശീലകരിൽ നിന്നും ഇഗോർ സ്‌റ്റിമാക്കിനുള്ള പ്രധാന വ്യത്യാസം വെളിപ്പെടുത്തി അനിരുദ്ധ് ഥാപ്പ

Sreejith N
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/Getty Images
facebooktwitterreddit

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്‌റ്റിമാക്കിനെ പ്രശംസിച്ച് ചെന്നൈയിൻ എഫ്‌സി താരം അനിരുദ്ധ് ഥാപ്പ. മത്സരങ്ങളിലും ട്രെയിനിങ്ങിലും മോശമായാലും വളരെ പോസിറ്റിവ് ആയ സമീപനം പുലർത്തുന്ന സ്റ്റിമാക്ക് അക്കാര്യത്തിൽ മറ്റു പരിശീലകരിൽ നിന്നും വളരെ വ്യത്യസ്ഥനാണെന്നു പറഞ്ഞ ഥാപ്പ കഴിഞ്ഞ മത്സരത്തിൽ യുഎഇയുമായി ഇന്ത്യൻ ടീം കനത്ത തോൽവി വഴങ്ങിയത് സ്റ്റിമാക്കിനെ വളരെയധികം നിരാശപ്പെടുത്തിയെന്നും വ്യക്തമാക്കി.

"ആരും അത്തരമൊരു റിസൾട്ട് പ്രതീക്ഷിച്ചിരുന്നില്ലെന്നതു കൊണ്ട് അദ്ദേഹം വളരെയധികം നിരാശനായിരുന്നു. ഏഷ്യൻ കപ്പിൽ യുഎഎക്കെതിരെ നല്ല രീതിയിൽ ഞങ്ങൾ കളിച്ചെങ്കിലും ഇത്തവണ നേരെ വിപരീതമായിരുന്നു. മത്സരഫലത്തിൽ അദ്ദേഹം നിരാശനായതു കൊണ്ടു തന്നെ ഞങ്ങൾക്ക് കൂടുതൽ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്."

"ഏഷ്യയിലെ മികച്ച ടീമുകളിൽ ഒന്നാണ് യുഎഇ എന്നതിന് പുറമെ നമ്മുടെ ടീമിൽ നിരവധി പുതിയ താരങ്ങളുമുണ്ട്. ഇന്റർനാഷണൽ ഫുട്ബോളുമായി ഇണങ്ങിച്ചേരാൻ അവർക്ക് പരിശീലകൻ അവസരം നൽകികൊണ്ടിരിക്കയാണ്. അതിൽ അദ്ദേഹത്തിനു സന്തോഷവുമുണ്ട്. എന്നാൽ റിസൾട്ട് നമുക്ക് അനുകൂലമാവാത്തതിൽ അദ്ദേഹത്തിനു നിരാശയുണ്ട്."

"വളരെ മികച്ച ട്രൈനിംഗാണ്‌ ലഭിക്കുന്നത്. പന്തു കൂടുതൽ സമയം കൈവശം വെച്ചു കളിക്കാനാൻ താൽപര്യപ്പെടുന്ന അദ്ദേഹം എല്ലാവരുമായും സംസാരിക്കുകയും പ്രചോദനം ചെയ്യും. ഒരു മോശം ട്രെയിനിങ് സെഷനോ മോശം മത്സരമോ ഉണ്ടായാലും അദ്ദേഹം താരങ്ങളെ നിരുത്സാഹപ്പെടുത്തില്ല. വളരെ പോസിറ്റിവാണെന്നതാണ് മറ്റു പരിശീലകരിൽ നിന്നും സ്റ്റിമാക്കിനുള്ള വ്യത്യാസം. കൃത്യമായി പ്ലാൻ ചെയ്‌ത സിസ്റ്റമാറ്റിക് ആയ പരിശീലന സെഷനുകളാണ് അദ്ദേഹത്തിന്റേത്." ഥാപ്പ ഗോളിനോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ ടീം കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കണമെന്നും ഥാപ്പ പറഞ്ഞു. അഫ്‌ഗാനിസ്ഥാനും ബംഗ്ലാദേശിനുമെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിന് പന്തടക്കം കൂടുതൽ ഉണ്ടായിരുന്നെങ്കിലും അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും മത്സരം വിജയിക്കാൻ അത് അനിവാര്യമാണെന്നും ചെന്നൈയിൻ എഫ്‌സി മധ്യനിര താരം വ്യക്തമാക്കി.

facebooktwitterreddit