ഏഞ്ചൽ ഡി മരിയ ഈ സീസണു ശേഷം പിഎസ്ജി വിടും


അർജന്റീനിയൻ മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയ ഈ സീസൺ അവസാനിക്കുന്നതോടെ പിഎസ്ജി വിടുമെന്നു റിപ്പോർട്ടുകൾ. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഫ്രീ ഏജന്റായി ക്ലബ് വിടാനാണ് ഒരുങ്ങുന്നതെന്ന് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്തു.
ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തെ ടീമിൽ നിലനിർത്താൻ പിഎസ്ജി ഓഫർ നൽകിയിട്ടുണ്ട്. വളരെ മികച്ച ഓഫർ ലഭിച്ച താരം പുതിയ കരാർ ഒപ്പിടാൻ വാക്കാൽ സമ്മതം അറിയിച്ചെങ്കിലും അതു നടക്കാൻ സാധ്യതയില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
L’Equipe: Angel Di Maria will leave PSG in the summer https://t.co/ptQ2JrN7Ru via @todayng
— Nigeria Newsdesk (@NigeriaNewsdesk) February 12, 2022
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും 2015ൽ പിഎസ്ജിയിൽ എത്തിയ ഡി മരിയ ക്ലബിനൊപ്പം നാല് ഫ്രഞ്ച് ലീഗ് ഉൾപ്പെടെ പതിനേഴു കിരീടങ്ങൾ നേടിയിട്ടുണ്ട്. 188 മത്സരങ്ങളിൽ നിന്നും അമ്പത്തഞ്ചു ഗോളുകളും നിരവധി അസിസ്റ്റുകളും നേടിയ താരം മികച്ച ഫോമിൽ തന്നെയാണ് ഈ സീസണിലും കളിക്കുന്നത്.
പിഎസ്ജിക്കൊപ്പം തുടരില്ലെങ്കിൽ അടുത്ത സീസണിൽ ഡി മരിയ എവിടെയായിരിക്കും കളിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകർ. ഇക്കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ ഒസ്മാനെ ഡെംബലെയുമായി കൈമാറ്റം ചെയ്യാൻ ബാഴ്സ ആവശ്യപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മോശം പ്രകടനം നടത്തിയതിനാൽ താരം പ്രീമിയർ ലീഗിനെ തിരഞ്ഞെടുക്കാൻ സാധ്യത കുറവാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.