Juventus News

യുവന്റസിന്റെ പ്രധാനപ്പെട്ട സൈനിങായി തന്നെ കണക്കാക്കാൻ കഴിയില്ലെന്ന് ഏഞ്ചൽ ഡി മരിയ

Sreejith N
Angel Di Maria Says He Is Not A Starpower Signing Of Juventus
Angel Di Maria Says He Is Not A Starpower Signing Of Juventus / Omar Vega/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യുവന്റസ് നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സൈനിങായി തന്നെ കണക്കാക്കാൻ കഴിയില്ലെന്ന് അർജന്റീനിയൻ താരം ഏഞ്ചൽ ഡി മരിയ. കഴിഞ്ഞ ദിവസം നടന്ന പ്രീ സീസൺ മത്സരത്തിൽ മെക്‌സിക്കൻ ക്ലബ് ഷിവാസിനെതിരെ യുവന്റസ് ജേഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു ഏഞ്ചൽ ഡി മരിയ.

ഷിവാസ് മികച്ച പ്രകടനം നടത്തിയെങ്കിലും എതിരില്ലാതെ രണ്ടു ഗോളുകൾക്ക് യുവന്റസ് വിജയിച്ച മത്സരത്തിൽ ഡി മരിയ നാൽപ്പത്തിയഞ്ച് മിനുട്ടോളമാണ് കളിച്ചത്. കളിക്കളത്തിൽ മികച്ചു നിന്ന താരം വരുന്ന സീസണിൽ തനിക്ക് യുവന്റസിനെ കൂടുതൽ സഹായിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് നടത്തിയത്.

"ഞാനൊരു സ്റ്റാർപവർ പ്ലേയർ സൈനിങ്‌ അല്ല. എന്റെ ഏറ്റവും മികച്ച പ്രകടനം നടത്തി അവരെ സഹായിക്കാനാണ് എത്തിയത്, യുവന്റസിന് എല്ലാ കിരീടങ്ങളും നേടാനും സഹായിക്കണം. ഞാൻ കളിച്ചിട്ടുള്ള എല്ലാ ടീമിനു വേണ്ടിയും ചെയ്‌തതു തന്നെ ഇവിടെയും തുടരണം."

"ഇറ്റലിയിലേക്ക് വന്നതു വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. എന്നെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട ടീമിന്റെ മുന്നിൽ നിൽക്കുക വളരെ പ്രിയപ്പെട്ട കാര്യമാണ്. ഞാൻ കളിച്ച രാജ്യങ്ങളിലെല്ലാം ഏറ്റവും മികച്ച ടീമിലാണ് കളിച്ചിട്ടുള്ളത്. ഞാനിപ്പോഴും മികച്ച തലത്തിലാണ് നിൽക്കുന്നതെന്നതു കൊണ്ടാണ് യുവന്റസിൽ കളിക്കുന്നത്." സോന ഡീപോർറ്റീവോ യുഎസിനോട് ഡി മരിയ പറഞ്ഞു.

വരുന്ന സീസണിൽ യുവന്റസിന്റെ ആദ്യത്തെ സീരി എ മത്സരം ജൂലൈ പതിനഞ്ചിന്‌ സാസുവോളോക്ക് എതിരെയാണ്. ലോകകപ്പ് അടുത്തിരിക്കെ യുവന്റസിനു വേണ്ടി മികച്ച പ്രകടനം നടത്തി അർജന്റീന ടീമിൽ ഇടം നേടാനുള്ള തയ്യാറെടുപ്പുകൾ നല്ല രീതിയിൽ നടപ്പിലാക്കുക എന്നതാണ് ഡി മരിയ ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit