Football in Malayalam

പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയം നേടാൻ താൻ നേടിയ പതിനേഴു കിരീടങ്ങളും നൽകാമെന്ന് ഡി മരിയ

Sreejith N
Olympique de Marseille v Paris Saint Germain - Ligue 1 Uber Eats
Olympique de Marseille v Paris Saint Germain - Ligue 1 Uber Eats / Xavier Laine/GettyImages
facebooktwitterreddit

പിഎസ്‌ജി ഇതുവരെയും ചാമ്പ്യൻസ് ലീഗ് നേടാത്തതിൽ തന്റെ നിരാശ വ്യക്തമാക്കി ക്ലബിന്റെ മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയ. മുൻപ് റയൽ മാഡ്രിഡിനൊപ്പം നേടിയ ചാമ്പ്യൻസ് ലീഗ് വിജയം ഉൾപ്പെടെ പതിനേഴു വിവിധ കിരീടങ്ങൾ കരിയറിൽ സ്വന്തം പേരിലുള്ള ഡി മരിയ അതു മുഴുവൻ പിഎസ്‍ജിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിനു വേണ്ടി ത്യജിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.

"പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടുന്നതിനു വേണ്ടി എന്റെ പതിനേഴു കിരീടങ്ങളും ത്യജിക്കാൻ ഞാൻ തയ്യാറാണ്. ഞങ്ങൾ വളരെ അകലെയല്ല. കിരീടം നേടാൻ വളരെ മികച്ചൊരു ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് വേണമെന്നുമില്ല. പക്ഷെ അതു വിജയിക്കാതെ പിഎസ്‌ജി വിട്ടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും." ടെലിഫൂട്ടിനോട് സംസാരിക്കുമ്പോൾ ഡി മരിയ പറഞ്ഞു.

ബാഴ്‌സലോണയിൽ നിന്നും ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിയെ കുറിച്ചും ഡി മരിയ സംസാരിച്ചു. ദേശീയ ടീമിൽ മെസിക്കൊപ്പം കളിക്കുന്ന ഡി മരിയ ക്ലബ് തലത്തിൽ അദ്ദേഹത്തിനെതിരെ കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ക്ലബ് തലത്തിൽ ഇരുവരും ഒന്നിക്കുന്നത്.

"ലയണൽ മെസിക്കൊപ്പം ക്ലബിൽ ഒരുമിച്ചു കളിക്കുകയെന്ന ഒരേയൊരു കാര്യമാണ് ഞാൻ മിസ് ചെയ്‌തിരുന്നത്‌. തുടങ്ങിയതു മുതൽ ഇന്നു വരേയ്ക്കും താരമാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ, അതങ്ങിനെ തന്നെ തുടരുകയും ചെയ്യും. മെസി മൈതാനത്തു ചെയ്‌ത കാര്യങ്ങളൊന്നും മറ്റൊരു താരവും ചെയ്‌തിട്ടില്ല." ഡി മരിയ വ്യക്തമാക്കി.

ഈ സീസണിൽ മെസി, നെയ്‌മർ, എംബാപ്പെ, ഡി മരിയ, റാമോസ്, ഡോണറുമ്മ, വൈനാൾഡാം, വെറാറ്റി, മാർക്വിന്യോസ്, ഹക്കിമി തുടങ്ങിയ സൂപ്പർതാരങ്ങൾ അണിനിരക്കുന്ന പിഎസ്‌ജി യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ ടീമാണെങ്കിലും ഇതുവരെയും സ്ഥിരതയുള്ള പ്രകടനം നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ചാമ്പ്യൻസ് ലീഗ് കിരീടം അവർക്ക് നേടാൻ കഴിയുമോയെന്ന കാര്യത്തിൽ ആരാധർക്കിപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്.

facebooktwitterreddit