ലോകകപ്പിനുള്ള അർജന്റീന ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയില്ലെന്ന് ഏഞ്ചൽ ഡി മരിയ


2022 നവംബറിൽ ആരംഭിക്കാനിരിക്കുന്ന ലോകകപ്പിനുള്ള അർജന്റീന ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയില്ലെന്ന് ഏഞ്ചൽ ഡി മരിയ. കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനലിൽ ബ്രസീലിനെതിരെ അർജന്റീനക്ക് വിജയം നേടിക്കൊടുത്ത ഗോൾ നേടിയ താരം ടീമിൽ മെസിയുടെ സ്ഥാനം മാത്രമേ ഉറപ്പുള്ളൂവെന്നും പറഞ്ഞു.
മെസിക്കൊപ്പം പിഎസ്ജിയിൽ കളിച്ചിരുന്ന ഏഞ്ചൽ ഡി മരിയ കരാർ അവസാനിച്ച് ഫ്രീ ഏജന്റായതോടെ പുതിയ ക്ലബ്ബിനെ തിരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ്. ചേക്കേറുന്ന ക്ലബിലെ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട്, കൂടുതൽ അവസരങ്ങൾ ഉണ്ടാക്കി, മികച്ച പ്രകടനം നടത്തേണ്ടത് ലോകകപ്പ് ടീമിൽ അവസരം ലഭിക്കാൻ അനിവാര്യമാണെന്നാണ് ഡി മരിയ പറയുന്നത്.
"ടീമിൽ സ്ഥാനമുറപ്പുള്ള ഒരേയൊരു താരം ലയണൽ മെസി മാത്രമാണ്. നാലു മാസങ്ങൾക്ക് അപ്പുറമുള്ള കാര്യം നമുക്ക് അറിയാൻ കഴിയില്ല. ഞാൻ ക്ലബ് മാറി, സാഹചര്യങ്ങളുമായി വീണ്ടും പൊരുത്തപ്പെട്ട്, കളിച്ച്, നല്ലൊരു അനുഭവം ഉണ്ടാക്കുന്നത് വലിയ വ്യത്യാസം സൃഷ്ടിക്കും" അർജന്റീനിയൻ മാധ്യമമായ ടിഎൻടി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ഏഞ്ചൽ ഡി മരിയ പറഞ്ഞു.
ഫ്രീൻ ഏജന്റായ തനിക്കു വേണ്ടി ഇറ്റാലിയൻ ക്ലബ് യുവന്റസ് ശ്രമം നടത്തുന്നുണ്ടെന്നും ഏഞ്ചൽ ഡി മരിയ സ്ഥിരീകരിച്ചു. എന്നാൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഒഴിവുദിവസങ്ങൾ ആഘോഷിക്കുന്നതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും താരം പറഞ്ഞു. ബാഴ്സലോണക്കും ഏഞ്ചൽ ഡി മരിയയിൽ താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.