Champions League

പിഎസ്‌ജിയുടെ തോൽവിയിലും ചരിത്രനേട്ടം കുറിച്ച് ഏഞ്ചൽ ഡി മരിയ

Sreejith N
Paris Saint-Germain v Manchester City  - UEFA Champions League Semi Final: Leg One
Paris Saint-Germain v Manchester City - UEFA Champions League Semi Final: Leg One / Alex Grimm/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് നിരാശപ്പെടുത്തുന്ന തോൽവിയാണ് പിഎസ്‌ജി വഴങ്ങിയത്. ആദ്യപകുതിയിൽ ബ്രസീലിയൻ താരം മാർക്വിന്യോസിലൂടെ മുന്നിലെത്തിയ പിഎസ്‌ജി മത്സരം സ്വന്തമാക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും രണ്ടാം പകുതിയിൽ മികച്ച പോരാട്ടവീര്യം കാണിച്ച സിറ്റിക്കൊപ്പം ഭാഗ്യം കൂടി നിന്നതോടെ മത്സരഫലം മാറിമറിയുകയായിരുന്നു.

അതേസമയം പിഎസ്‌ജിയുടെ ആദ്യ ഗോൾ മാർക്വിന്യോസ് നേടിയതിനു വഴിയൊരുക്കിയതിലൂടെ ക്ലബിന്റെ ചരിത്രത്തിൽ ഇടം പിടിക്കാൻ അർജന്റീനിയൻ താരമായ ഏഞ്ചൽ ഡി മരിയക്ക് കഴിഞ്ഞു. പിഎസ്‌ജിക്ക് വേണ്ടി ഏറ്റവുമധികം അസിസ്റ്റുകൾ സ്വന്തമാക്കിയ താരമെന്ന സഫേറ്റ് സുസിച്ചിന്റെ റെക്കോർഡിനൊപ്പമാണ് ഡി മരിയ എത്തിയത്. ഇരുവരും 103 അസിസ്റ്റുകളാണ് ഫ്രഞ്ച് ക്ലബിനൊപ്പം സ്വന്തമാക്കിയിരിക്കുന്നത്.

പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ടീമിന്റെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളായി മാറിയ ഡി മരിയ ഈ സീസണിൽ ഇതുവരെ ചാമ്പ്യൻസ് ലീഗിൽ നാല് അസിസ്റ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു പുറമെ ഫ്രഞ്ച് ലീഗിൽ ഒൻപതു ഗോളുകൾക്കും അർജന്റീനിയൻ താരം വഴിയൊരുക്കി. ചാമ്പ്യൻസ് ലീഗിലും ഫ്രഞ്ച് ലീഗിലുമായി അഞ്ചു ഗോളുകളും താരം ഈ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം മത്സരത്തിൽ വിജയം കൈവിട്ടത് പിഎസ്‌ജിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ട ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് ഒരു പടി കൂടിയടുക്കാൻ വിജയം പിഎസ്‌ജിയെ തുണക്കുമായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്തു വെച്ചു നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ പൊരുതി വിജയം നേടാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് താരങ്ങൾ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit