Football in Malayalam

കഴിഞ്ഞ വർഷം ടീമിൽ നിന്നും പുറത്ത്, ഇന്ന് അർജന്റീനയുടെ വിജയശിൽപ്പി; ഇത് ഡി മരിയയുടെ ഐതിഹാസിക തിരിച്ചു വരവ്

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

മാരക്കാനയിൽ വെച്ചു നടന്ന കോപ്പ ഫൈനൽ മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുട്ടിൽ ബ്രസീലിയൻ പ്രതിരോധത്തിന്റെ സ്ഥാനപ്പിഴവു മുതലെടുത്ത് റോഡ്രിഗോ ഡി പോൾ നൽകിയ അപ്രതീക്ഷിതമായൊരു ലോങ്ങ് പാസ് പിടിച്ചെടുത്ത് എഡേഴ്‌സന്റെ തലക്കു മുകളിലൂടെ പന്ത് വലയിലെത്തിച്ച് ഡി മരിയ നേടിയ ഗോൾ അർജന്റീനക്ക് ഇരുപത്തിയെട്ടു വർഷങ്ങള്ക്കു ശേഷം ഒരു കിരീടം സ്വന്തമാക്കി നൽകിയപ്പോൾ അത് പിഎസ്‌ജി താരത്തിന്റെ ഐതിഹാസികമായൊരു തിരിച്ചു വരവു കൂടിയാണ് അടയാളപ്പെടുത്തിയത്.

ഏകദേശം ഒരു വർഷത്തിന് മുൻപ് പിഎസ്‌ജി ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വരെയെത്തിയ സീസണു ശേഷം ഫ്രഞ്ച് ക്ലബിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ഡി മരിയയെ അതിനു ശേഷം ഇക്വഡോർ, ബൊളീവിയ എന്നിവർക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിലേക്ക് ലയണൽ സ്‌കലോണി പരിഗണിച്ചിരുന്നില്ല. പന്ത്രണ്ടു ഗോളും ഇരുപത്തിമൂന്നു അസിസ്റ്റും നേടി ഫ്രഞ്ച് ലീഗ് വിജയിക്കാനും ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാനും പിഎസ്‌ജിയെ സഹായിച്ചതിനു ശേഷമാണ് ഡി മരിയ ഒഴിവാക്കപ്പെട്ടതെന്നത് ദേശീയ ടീമിലേക്ക് താരത്തിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകാൻ സാധ്യതയില്ലെന്ന വിലയിരുത്തലിനു വരെ കാരണമായിരുന്നു.

തന്നെ ഒഴിവാക്കിയ തീരുമാനത്തോട് രൂക്ഷമായി പ്രതികരിച്ച് ഏഞ്ചൽ ഡി മരിയ അന്നു പറഞ്ഞ വാക്കുകളിൽ താരത്തിന്റെ ആത്മവിശ്വാസം കൂടി തുളുമ്പി നിന്നിരുന്നു. പിഎസ്‌ജിക്കു വേണ്ടി ഏറ്റവും മികച്ച കളി കാഴ്‌ച വെച്ച തന്നെ ടീമിൽ നിന്നും തഴഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അർജന്റീന തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും പറഞ്ഞ താരം താൻ ഒരിക്കലും നിരാശനാവാൻ ഒരുക്കമല്ലെന്നും വ്യക്തമാക്കിയിരുന്നു. മുപ്പത്തിരണ്ടുകാരനായ തനിക്ക് നെയ്‌മർക്കും എംബാപ്പക്കുമൊപ്പം എത്തുന്ന പ്രകടനം നടത്താൻ കഴിയുമെങ്കിൽ ദേശീയ ടീമിലേക്ക് തിരിച്ചെത്താനും കഴിയുമെന്നു തന്നെയാണ് ഡി മരിയ അന്ന് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ആ സംഭവം കഴിഞ്ഞ് ഒരു വർഷത്തോളമാകാനിരിക്കുന്ന ഈ ദിവസം അർജന്റീന കോപ്പ അമേരിക്ക കിരീടമുയർത്തുമ്പോൾ കളിയിലെ താരമായി വേദിയിലേക്ക് കയറി വന്നത് ഡി മരിയയായിരുന്നു. എന്നാൽ തന്നെ തഴഞ്ഞവരോടോ, ടീമിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചവരോടോ ഉള്ള യാതൊരു പരാതിയും താരത്തിനില്ലായിരുന്നു. മറിച്ച് ടൂർണമെന്റിലെ പല മത്സരങ്ങളിലും പകരക്കാരനായിറങ്ങേണ്ടി വന്നെങ്കിലും നിരാശനാവാതെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ഫൈനലിൽ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുകയും ടീമിന്റെ വിജയഗോൾ നേടുകയും ചെയ്‌തതിന്റെ ആനന്ദം മാത്രമാണ് ഡി മരിയക്കുണ്ടായിരുന്നത്.

"ഞങ്ങളിത് ഒരുപാട് സ്വപ്‌നം കണ്ടു, ഇത് നേടുന്നതിനു വേണ്ടി ഒരുപാട് പൊരുതി. റോഡ്രിഗോ എനിക്ക് മികച്ചൊരു പാസ് നൽകി. നൈജീരിയക്കെതിരെ ഒളിമ്പിക്‌സിൽ നേടിയ ഗോൾ പോലെ ഞാനതു ഫിനിഷ് ചെയ്യുകയും ചെയ്‌തു. ഇത് മറക്കാനാവാത്ത ഒരു അനുഭൂതിയാണ്. മെസി എന്നോട് നന്ദി പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോടും നന്ദി പറഞ്ഞു. ഇതെന്റെ ഫൈനലാണെന്ന് മെസി പറഞ്ഞിരുന്നു. ഞാൻ കളിക്കാത്ത ഒരുപാട് ഫൈനലുകളുടെ പ്രതികാരം ഇതിലുണ്ടാകണമെന്നു പറഞ്ഞിരുന്നു, അതു തന്നെയാണ് ഇന്ന് സംഭവിച്ചത്." മത്സരശേഷം ഡി മരിയയുടെ വാക്കുകൾ ഇങ്ങിനെയായിരുന്നു.

ഒഴിവാക്കപ്പെടലിന്റെ അടുത്തെത്തിയിട്ടും അതിൽ വീണു പോകാതെ കഠിനാധ്വാനം ചെയ്‌ത്‌ ടീമിലേക്ക് തിരിച്ചു വന്ന ഡി മരിയ അതിനു ശേഷമുള്ള ഓരോ മത്സരത്തിലും തന്റെ ആത്മവിശ്വാസം പ്രകടമാക്കുന്ന കളിയാണ്‌ കാഴ്‌ച വെച്ചത്. ഈ വിജയത്തിലും ഫൈനലിലെ ഗോളിനും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിലും വളരെയധികം സന്തോഷമുണ്ടെന്നും തന്നെ പിന്തുണച്ചവർക്ക് നന്ദിയുണ്ടെന്നും പറഞ്ഞ താരം അടുത്ത ലക്ഷ്യമായി പറയുന്നത് ലോകകപ്പാണ്. കോപ്പ അമേരിക്കയിൽ പുലർത്തിയ അതെ ആത്മവിശ്വാസവുമായി അർജന്റീന ഖത്തറിലും ഇറങ്ങിയാൽ ടീമിലെ മാലാഖയുടെ സ്വപ്‌നം നടക്കുമെന്നതിൽ സംശയവുമില്ല.

facebooktwitterreddit