Football in Malayalam

ഏഞ്ചൽ ഡി മരിയ പിഎസ്‌ജി വിടാനൊരുങ്ങുന്നു, ചേക്കേറുക മുൻ ക്ലബിലേക്ക്

Sreejith N
Angel Di Maria To Leave PSG In Summer
Angel Di Maria To Leave PSG In Summer / Eurasia Sport Images/GettyImages
facebooktwitterreddit

പിഎസ്‌ജി മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയ ഈ സീസണു ശേഷം പിഎസ്‌ജി വിടാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ സീസൺ അവസാനിക്കുന്നതോടെ പിഎസ്‌ജിയുമായുള്ള കരാർ പൂർത്തിയാകുന്ന താരം അതു പുതുക്കാതെ ഫ്രീ ഏജന്റായി ക്ലബ് വിടാനാണൊരുങ്ങുന്നതെന്ന് സ്‌പാനിഷ്‌ മാധ്യമമായ എഎസാണ് പുറത്തു വിട്ടത്.

പിഎസ്‌ജിയിൽ അർജന്റീനിയൻ താരം തൃപ്‌തനല്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയിട്ടും ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ ആദ്യ ഇലവനിൽ നിന്നും ഡി മരിയ തഴയപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് പിഎസ്‌ജി വിടാനുള്ള തീരുമാനം താരം ഉറപ്പിച്ചത്.

പിഎസ്‌ജി വിടുന്ന ഡി മരിയ തന്റെ പഴയ തട്ടകമായ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിലേക്ക് ചേക്കേറാനാണ് സാധ്യത കൂടുതൽ. 2007 മുതൽ 2010 വരെ ബെൻഫിക്കയിൽ കളിച്ചിട്ടുള്ള താരം അതിനു ശേഷം റയൽ മാഡ്രിഡിലും പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലും കളിച്ചതിനു ശേഷമാണ് പിഎസ്‌ജിയിൽ എത്തുന്നത്.

കരിയറിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് 34 വയസുള്ള ഡി മരിയ. ബെൻഫിക്കക്കൊപ്പം പോർച്ചുഗീസ് ലീഗും റയൽ മാഡ്രിഡിനൊപ്പം ലാ ലിഗയും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയിട്ടുള്ള താരം പിഎസ്‌ജിക്കൊപ്പം നാല് ഫ്രഞ്ച് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. കഴിഞ്ഞ സമ്മറിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനക്കു കിരീടം നൽകാൻ നിർണായക പങ്കു വഹിക്കാനും താരത്തിനു കഴിഞ്ഞിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit