Football in Malayalam

'പിഎസ്‌ജിയെക്കാൾ മികച്ചൊരു ടീമിനെ കണ്ടെത്തുക പ്രയാസം' - എംബാപ്പെ ടീമിനൊപ്പം തുടരുമെന്ന് ഡി മരിയ

Sreejith N
FBL-FRA-LIGUE1-BREST-PSG
FBL-FRA-LIGUE1-BREST-PSG / FRANCK FIFE/Getty Images
facebooktwitterreddit

ലയണൽ മെസി കൂടിയെത്തിയതോടെ പിഎസ്‌ജിയെക്കാൾ മികച്ചൊരു ടീമിനെ കണ്ടെത്തുക പ്രയാസമായതു കൊണ്ട് ഫ്രഞ്ച് സൂപ്പർതാരം കെയ്‌ലിയൻ എംബാപ്പെ ക്ലബിനൊപ്പം തുടരുമെന്നു പ്രതീക്ഷിക്കുന്നതായി സഹതാരം ഏഞ്ചൽ ഡി മരിയ. ഒരു വർഷം മാത്രം കരാറിൽ ബാക്കി നിൽക്കുന്ന എംബാപ്പെ ഈ സമ്മറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അർജന്റീന താരം.

"എംബാപ്പെ? താരം ക്ലബിനൊപ്പം തുടരുമെന്നാണ് ഞാൻ കരുതുന്നത്. എല്ലാ വലിയ ടീമുകൾക്കും ആവശ്യമുള്ള കളിക്കാരനാണ് അദ്ദേഹമെന്നതിൽ സംശയമില്ല. എന്നാൽ പിഎസ്‌ജിയെ പോലൊരു ടീമിൽ നിന്നും താരം പോകുമെന്ന് എനിക്കു തോന്നുന്നില്ല. ഇതിനേക്കാൾ മികച്ച മറ്റൊരു ടീമിനെ കണ്ടെത്താനും കഴിഞ്ഞേക്കില്ല," ഡി മരിയ ഇഎസ്‌പിഎന്നിനോട് പറഞ്ഞു.

ഒരു മാസം മുൻപ് മെസിയോടൊപ്പം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ ഡി മരിയ ക്ലബ് തലത്തിലും താരത്തോടൊപ്പം കളിക്കാൻ കഴിയുന്നതിലെ സന്തോഷം പ്രകടിപ്പിച്ചു. "ഞാൻ വളരെ സന്തോഷത്തിലാണ്. ഞാൻ സ്വപ്‌നം കണ്ടത് ഒരു മാസത്തിനുള്ളിലാണ് സംഭവിച്ചത്. കോപ്പ അമേരിക്ക കിരീടം നേടുകയെന്നതും, മെസിക്കൊപ്പം ഒരേ ടീമിൽ കളിക്കുകയെന്നതും. ഇതെപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ്," ഡി മരിയ വ്യക്തമാക്കി.

മെസിക്കും ഡി മരിയക്കുമൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയ പരഡെസും പിഎസ്‌ജി ടീമിലുണ്ട്. നേരത്തെ തന്നെ കരുത്തരായ താരങ്ങൾ നിറഞ്ഞ ടീമായ പിഎസ്‌ജി ഈ സമ്മർ ജാലകത്തിലെ സൈനിങ്ങുകളിലൂടെ കൂടുതൽ ശക്തരായി മാറിയിട്ടുണ്ട്. നിലവിലെ സൈനിംഗുകൾക്കു പുറമെ പോഗ്ബക്കു വേണ്ടിയും ഫ്രഞ്ച് ക്ലബ് ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit