Football in Malayalam

ബ്രസീലിനെതിരെ നേടിയ ഗോളിനെക്കുറിച്ചും കോപ്പ അമേരിക്ക കിരീടധാരണത്തെക്കുറിച്ചും മനസു തുറന്ന് ഏഞ്ചൽ ഡി മരിയ

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Wagner Meier/GettyImages
facebooktwitterreddit

ഇരുപത്തിയെട്ടു വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച് അർജന്റീന കോപ്പ അമേരിക്ക കിരീടമുയർത്തിയപ്പോൾ ഫൈനലിൽ പിറന്ന ഒരേയൊരു ഗോൾ നേടിയത് പിഎസ്‌ജി താരം ഏഞ്ചൽ ഡി മരിയയായിരുന്നു. മധ്യനിരയിൽ നിന്നും പരഡെസ് നൽകിയ ലോങ്ങ് പാസ് പിടിച്ചെടുത്ത പിഎസ്‌ജി താരം അത് എഡേഴ്‌സന്റെ തലക്കു മുകളിലൂടെ വലയിലേക്ക് കോരിയിട്ടു നേടിയ ഗോളിൽ സ്വന്തമാക്കിയ വിജയം ബ്രസീലിൽ വെച്ച് അർജന്റീനക്ക് ആദ്യത്തെ കോപ്പ അമേരിക്ക കൂടിയാണ് നേടിക്കൊടുത്തത്.

അർജന്റീനക്കൊപ്പം ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുന്ന ഡി മരിയ കഴിഞ്ഞ ദിവസം അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തെക്കുറിച്ചും ടൂർണമെന്റിന്റെ ഫൈനലിൽ താൻ നേടിയ ഗോളിനെക്കുറിച്ചും മനസ് തുറക്കുകയുണ്ടായി. അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്സിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

"കോപ്പ അമേരിക്ക എനിക്കെല്ലാമാണ്. ഞാൻ ചെറിയ കുട്ടിയാകുന്ന സമയം മുതൽ ഞാനിതു തേടുന്നതിതാണ്, അതെല്ലാം ഇപ്പോൾ എനിക്കു സംഭവിച്ചു കൊണ്ടിരിക്കുന്നു. കോപ്പ അമേരിക്കയെ കുറിച്ച് ചിന്തിക്കുമ്പോൾ ഒരു മില്യൺ കാര്യങ്ങൾ എന്റെ മനസിലൂടെ കടന്നു പോകുന്നുണ്ട്. ആദ്യം എനിക്ക് വളരെ മോശം അനുഭവം ഉണ്ടായെങ്കിലും അതിനു ശേഷം സംഭവിച്ചതെല്ലാം മനോഹരമായിരുന്നു."

"ഇരുപത്തിയെട്ടു വർഷത്തിനു ശേഷം ആദ്യത്തെ പ്രധാന കിരീടം സ്വന്തമാക്കുക, ആളുകളുടെയും എന്റെ കുടുംബത്തിന്റെയും സന്തോഷം എല്ലാം മനോഹരമായിരുന്നു. ഞങ്ങളെല്ലാവരും ഇതിന്റെ ഭാഗമായതു കൊണ്ടു തന്നെ എക്കാലവും ഇത് ഓർമ്മിക്കപ്പെടും." ഡി മരിയ പറഞ്ഞു.

നേടിയതിൽ ഏറ്റവും പ്രധാനപ്പെട്ട ഗോളായിരുന്നോ അതെന്ന ചോദ്യത്തിന് ചെറിയ കാലത്തിനുള്ളിൽ അതിനേക്കാൾ പ്രധാനപ്പെട്ട ഗോൾ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഡി മരിയ മറുപടി നൽകിയത്. "ഗോൾകീപ്പർ മുന്നോട്ടു വരുന്നതിനു മുൻപു തന്നെ ഞാനെന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് കനത്തിലുള്ള ഷോട്ടിനെക്കാൾ ചിപ്പിംഗ് ആയിരുന്നു നല്ലത്. അതിൽ ഓഫ്‌സൈഡ് ഇല്ലെന്ന് എനിക്കറിയാമായിരുന്നു, അതൊരു ഗോളായി മാറുകയും ചെയ്‌തു." ഡി മരിയ പറഞ്ഞു.

ആരാധകർ മൈതാനങ്ങളിൽ തിരിച്ചെത്തിയതിൽ വളരെയധികം സന്തോഷം പ്രകടിപ്പിച്ച ഡി മരിയ യൂറോപ്പിലെ ആരാധകരേക്കാൾ അർജന്റീനിയൻ ആരാധകർ വൈകാരിത സൃഷ്ടിക്കാൻ മുന്നിലാണെന്ന അഭിപ്രായം പ്രകടിപ്പിച്ചു. പെറുവിനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയം മാത്രമാണ് ലക്ഷ്യമെന്നും ഡി മരിയ കൂട്ടിച്ചേർത്തു.

facebooktwitterreddit