ഏഞ്ചൽ ഡി മരിയ പിഎസ്‌ജി വിടുന്നു, ഇറ്റാലിയൻ വമ്പന്മാരുമായി ഒരു വർഷത്തെ കരാറൊപ്പിടും

Angel Di Maria Set To Join Juventus
Angel Di Maria Set To Join Juventus / John Berry/GettyImages
facebooktwitterreddit

പിഎസ്‌ജിയുടെ അർജന്റീനിയൻ മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയ വരുന്ന സമ്മറിൽ ക്ലബ് വിടുമെന്നുറപ്പായി. കരാർ അവസാനിച്ച താരത്തിന് ഒരു വർഷം കൂടി അതു പുതുക്കി നൽകാൻ പിഎസ്‌ജിക്കു കഴിയുമെങ്കിലും അവരതിൽ താൽപര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് ഡി മരിയ ഈ സീസൺ അവസാനിക്കുന്നതോടെ ക്ലബ് വിടുന്നതിനായി തയ്യാറെടുക്കുന്നത്.

ഏഴു വർഷമായി ഫ്രഞ്ച് ക്ലബിന്റെ പ്രധാന താരമായി തുടരുന്ന ഏഞ്ചൽ ഡി മരിയ ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്കാണ് ചേക്കേറുന്നതെന്ന് ഗോളിന്റെ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. മുപ്പത്തിനാല് വയസുള്ള താരത്തിന് ഒരു വർഷത്തെ കരാറാണ് യുവന്റസ് നൽകിയിരിക്കുന്നത്. ഇതോടെ മേറ്റ്സിനെതിരായ അവസാന ലീഗ് മത്സരം പിഎസ്‌ജി ജേഴ്‌സിയിൽ താരത്തിന്റെ അവസാനത്തേതായിരിക്കും.

നിലവിൽ ഒരു വർഷത്തെ കരാറാണ് ഏഞ്ചൽ ഡി മരിയക്ക് നൽകുന്നതെങ്കിലും താരത്തിന്റെ പ്രകടനം കണക്കാക്കി അതൊരു വർഷത്തേക്കു കൂടി നീട്ടണമെന്ന ഉടമ്പടിയും കരാറിലുണ്ട്. ഇതോടെ യൂറോപ്പിൽ തന്നെയുള്ള ഏതെങ്കിലും മുൻനിര ക്ലബിൽ തന്നെ തുടർന്ന് ഖത്തർ ലോകകപ്പിനായി തയ്യാറെടുക്കാനുള്ള ഡി മരിയയുടെ പദ്ധതികളും വിജയം കണ്ടിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും 52 മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ 2015ൽ പിഎസ്‌ജി സ്വന്തമാക്കിയ ഡി മരിയ തന്റെ മൂല്യം തെളിയിച്ചു തന്നെയാണ് ക്ലബിൽ നിന്നും പടിയിറങ്ങുന്നത്. 294 മത്സരങ്ങളിൽ നിന്നും 92 ഗോളുകളും 118 അസിസ്റ്റുകളും സ്വന്തമാക്കിയ താരം അഞ്ചു ഫ്രഞ്ച് ലീഗും അഞ്ച് ഫ്രഞ്ച് കപ്പും മൂന്ന് ഫ്രഞ്ച് സൂപ്പർകാപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2019-20 സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താനും താരത്തിന് കഴിഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.