യുവന്റസിലെത്തിയത് കിരീടങ്ങൾ നേടിക്കൊടുക്കാനാണെന്ന് അർജന്റീന താരം ഏഞ്ചൽ ഡി മരിയ


കഴിഞ്ഞ സീസണിൽ കിരീടങ്ങളൊന്നും നേടാൻ കഴിയാതിരുന്ന യുവന്റസിന് അതു നേടിക്കൊടുക്കാനുള്ള പ്രചോദനമാണ് തന്നെ ഇറ്റാലിയൻ ക്ളബിലെത്തിച്ചതെന്ന് അർജന്റീന താരം ഏഞ്ചൽ ഡി മരിയ. വെള്ളിയാഴ്ച ടുറിനിൽ മെഡിക്കൽ പൂർത്തിയാക്കിയ ഏഞ്ചൽ ഡി മരിയയുടെ സൈനിങ് ശനിയാഴ്ചയാണ് യുവന്റസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
"ഇതെനിക്കൊരു പുതിയ യാത്രയാണ്. എനിക്കു വളരെയേറെ സന്തോഷവുമുണ്ട്. ഞാൻ ക്ലബിലേക്ക് ചേക്കേറാൻ സമ്മതം മൂളിയതു മുതൽ, ആദ്യ ദിവസം മുതൽ, എല്ലാവരും എനിക്കൊരു കുടുംബം പോലെയായിരുന്നു, അവർ വളരെയധികം ശ്രദ്ധ പുലർത്തുന്നുണ്ട് എന്നതിനാൽ തന്നെ ഞാൻ സന്തോഷത്തിലാണ്."
''കഴിഞ്ഞ സീസണിൽ യുവന്റസ് ഒരു കിരീടവും നേടിയിട്ടില്ലെന്ന് എനിക്കറിയാം. അതാണെനിക്ക് ഇവിടെയെത്താൻ പ്രചോദനം നൽകിയത്. സാധ്യമായ കിരീടങ്ങളെല്ലാം നേടാൻ ശ്രമിക്കാൻ വേണ്ടിയാണ് ഞാൻ സമ്മതം മൂളിയത്." യുവന്റസിലെത്തിയ ശേഷമുള്ള ആദ്യ അഭിമുഖത്തിൽ ഡി മരിയ പറഞ്ഞു.
"എനിക്ക് ശ്രമിച്ചു കൊണ്ടിരിക്കണം, ഗോളുകൾ നേടി, അസിസ്റ്റുകൾ നൽകി, കിരീടങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കണം. യുവന്റസിൽ എനിക്കതിനുള്ള അവസരമുണ്ട്. അതിനു കഴിയുമെന്ന് ഞാൻ കരുതുന്നു." ഡി മരിയ കൂട്ടിച്ചേർത്തു.
റയൽ മാഡ്രിഡിലേതു പോലെ ഇരുപത്തിരണ്ടാം ജേഴ്സി തിരഞ്ഞെടുക്കാനുണ്ടായ കാരണവും ഡി മരിയ വെളിപ്പെടുത്തി. "ആ ജേഴ്സി ഒഴിവായിരുന്നതു കൊണ്ട് ഞാനത് വീണ്ടും ആവശ്യപ്പെട്ടു. അതിനൊപ്പം കറുപ്പും വെളുപ്പും എന്റെ ഭാര്യയുടെ പ്രിയപ്പെട്ട നിറങ്ങളാണ്. എന്റെ മൂത്ത മകൾ ജനിച്ചതൊരു ഇരുപത്തിരണ്ടാം തീയതിയാണ്." താരം പറഞ്ഞു.
പിഎസ്ജി കരാർ അവസാനിച്ചതിനു പിന്നാലെ ക്ലബ് വിട്ട ഡി മരിയ ഫ്രീ ഏജന്റായാണ് യുവന്റസിലേക്ക് ചേക്കേറുന്നത്. അർജന്റീന താരം എത്തുന്നതോടെ മുന്നേറ്റനിരയിൽ ഡിബാലയുടെ അഭാവം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുവന്റസ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.