"ഇപ്പോൾ ടീമിലുള്ളവർ മികച്ച താരങ്ങളാണ്" അത്ലറ്റികോ മാഡ്രിഡിന് റൊണാൾഡോയെ ആവശ്യമില്ലെന്ന സൂചനകൾ നൽകി അർജന്റീന താരം


ക്രിസ്റ്റ്യാനോ റൊണാൾഡോയെ അത്ലറ്റികോ മാഡ്രിഡിന് ആവശ്യമില്ലെന്ന സൂചനകൾ നൽകി ക്ലബിന്റെ അർജന്റീനിയൻ മുന്നേറ്റനിര താരമായ ഏഞ്ചൽ കൊറേയ. നിലവിൽ ടീമിലുള്ള മുന്നേറ്റനിര താരങ്ങൾ വളരെ മികച്ചവരാണെന്നു പറഞ്ഞ ഏഞ്ചൽ കൊറേയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ടീമിലെത്തിക്കാണോ എന്നു തീരുമാനിക്കുന്നത് താനല്ലെന്നും വ്യക്തമാക്കി.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുക്കുന്ന റൊണാൾഡോ ചേക്കേറാൻ സാധ്യതയുള്ള ക്ലബുകളിലൊന്നായി അത്ലറ്റികോ മാഡ്രിഡും ഉണ്ടായിരുന്നു. എന്നാൽ താരത്തിന്റെ പ്രതിഫലം അടക്കമുള്ള കാര്യങ്ങൾ അത്ലറ്റികോ മാഡ്രിഡിനെ സംബന്ധിച്ച് അപ്രാപ്യമായതിനാൽ അവർ അതിൽ നിന്നും പിന്മാറിയെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ അത്ലറ്റികോ മാഡ്രിഡ് ഡ്രസിങ് റൂമിൽ താരത്തെക്കുറിച്ച് ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നാണ് കൊറേയ പറയുന്നത്.
"ഞങ്ങളതെക്കുറിച്ച് ഡ്രസിങ് റൂമിൽ ഇതുവരെയും ചർച്ച ചെയ്തിട്ടില്ല. എന്റെ ടീമിലുള്ളവരെല്ലാം മികച്ച താരങ്ങളാണ്. പക്ഷെ അതെന്റെ തീരുമാനമല്ല. ഞങ്ങൾ അഞ്ചു താരങ്ങൾ മുന്നേറ്റനിരയിലുള്ളതിൽ രണ്ടു പേർ മാത്രമേ കളിക്കുകയുള്ളൂ. ഞാൻ എന്റെ സഹതാരങ്ങളിലും അവരോട് മത്സരിക്കുന്നതിലും വളരെ സന്തോഷവാനാണ്. എല്ലാവരും സുഖമായി ഇരിക്കണമെന്നും മത്സരിക്കണമെന്നുമാണ് എന്റെ ആഗ്രഹം." ഏഞ്ചൽ കൊറേയ സ്പാനിഷ് മാധ്യമം കോപ്പിനോട് പറഞ്ഞു.
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുതിയ ക്ലബ്ബിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസ് സജീവമായി നടത്തുന്നുണ്ട്. എന്നാൽ താരം ചേക്കേറുമെന്ന് പ്രതീക്ഷിച്ച ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളെല്ലാം റൊണാൾഡോയെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറുകയാണ്. അതിനു പുറമെ താരത്തെ വിട്ടു നൽകില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.