മെസിയിപ്പോൾ അസാധാരണ കളിക്കാരനല്ല, പിഎസ്‌ജിയിൽ നെയ്‌മറാണ് കൂടുതൽ സമ്മർദ്ദം നേരിടുന്നതെന്ന് അനെൽക്ക

Sreejith N
Messi and Neymar
Messi and Neymar / CHRISTOPHE SIMON/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത മെസിയെ വിമർശിച്ച് ഫ്രാൻസിന്റെയും പിഎസ്‌ജിയുടെയും മുൻ താരമായ നിക്കോളാസ് അനെൽക്ക. നിലവിൽ മെസി അസാധാരണ കളിക്കാരനല്ലെന്നും കഴിവിനനുസരിച്ച പ്രകടനം നടത്താത്തതു കൊണ്ട് പിഎസ്‌ജിയിൽ കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നത് നെയ്‌മറാണെന്ന് അനെൽക്ക അഭിപ്രായപ്പെടുന്നു.

പിഎസ്‌ജിക്കൊപ്പം ഇതുവരെ നാലു ലീഗ് മത്സരങ്ങളിൽ കളിച്ച മെസിക്ക് ഇതുവരെയും ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. മറുവശത്ത് നെയ്‌മറുടെ പ്രകടനവും ശരാശരിയിൽ താഴെയാണ്. എന്നാൽ ഇക്കാര്യത്തിൽ മെസിയെക്കാൾ സമ്മർദ്ദം പിഎസ്‌ജിയിൽ നെയ്‌മർ അനുഭവിക്കുന്നുണ്ടെന്നും മെസിയോടും അതേ പ്രകടനം നടത്താൻ ആവശ്യപ്പെടണമെന്നും അനെൽക്ക പറയുന്നു.

"ഇന്നു നമ്മൾ നെയ്‌മറിൽ നിന്നുമാണ് ആവശ്യപ്പെടുന്നത്. അതു മെസിയിൽ നിന്നും ആവശ്യപ്പെടാൻ നമ്മൾക്കു കഴിയും. ഈ സീസണിന്റ തുടക്കം മുതൽ അദ്ദേഹം അസാധാരണ കഴിവുള്ള കളിക്കാരനല്ല. ആറു ബാലൺ ഡി ഓർ നേടിയ ഒരു താരം അവസാനം അസാധാരണ കളിക്കാരനല്ലാതായി മാറിയിരിക്കുന്നു," ആർഎംസി സ്പോർട്ടിനോട് മുൻ ചെൽസി താരം പറഞ്ഞു.

"നെയ്‌മർ ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. താരത്തിനു തന്റെ നിലവാരം വീണ്ടെടുക്കാൻ കളിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പരിശീലകന് തോന്നിയാൽ അദ്ദേഹം അവനെ കളിപ്പിക്കും. മാറ്റി നിർത്തിയോ മറ്റൊരു താരത്തെ ഇറക്കിയോ അവരുടെ മനോവീര്യം തകർക്കുന്നത് ഒന്നും ശരിയാക്കാൻ പോകുന്നില്ല."

"വലിയ ശമ്പളം വാങ്ങുന്ന നെയ്‌മർ പിഎസ്‌ജിയിലെയും ഫ്രഞ്ച് ഫുട്ബോളിലെയും വമ്പൻ താരം കൂടിയാണെന്നത് അതിനു പുറമെയുള്ള കാര്യമാണ്. ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം, താരം അതു കാണിക്കാൻ വേണ്ടി ഇപ്പോൾ പോരാടിക്കൊണ്ടിരിക്കയാണെങ്കിലും"

"മുൻപ് മൈതാനത്ത് എല്ലാം ചെയ്‌തിരുന്ന താരത്തിന് ഇപ്പോൾ ഒന്നിനും കഴിയുന്നില്ല. എന്താണ് അയാൾക്കിനി സംഭവിക്കയെന്നും നമുക്കറിയാൻ കഴിയില്ല. പോച്ചട്ടിനോ നെയ്‌മറെ വിശ്വസിക്കുന്നു, താരം മോശം പ്രകടനമാണെങ്കിലും ടീം വിജയം തുടരുകയും ചെയ്യുന്നു," അനെൽക്ക വ്യക്തമാക്കി.


facebooktwitterreddit