കഴിഞ്ഞ സീസണിലെ ദൗർഭാഗ്യം ഇത്തവണയും ലിവർപൂളിനെ വേട്ടയാടുന്നു, റോബർട്സണിന്റെ പരിക്ക് ഗുരുതരമെന്നു സൂചനകൾ


മുപ്പതു വർഷങ്ങൾക്കു ശേഷം 2019-20 സീസണിൽ പ്രീമിയർ ലീഗ് കിരീടവും അതിനു മുൻപത്തെ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടവുമുയർത്തി യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ സംഘമായി ലിവർപൂൾ നിൽക്കുമ്പോഴാണ് കഴിഞ്ഞ സീസണിൽ അവർക്ക് തുടർച്ചയായി പരിക്കിന്റെ തിരിച്ചടികൾ നേരിടേണ്ടി വന്നത്. അത് ടീമിന്റെ പ്രകടനത്തെ സാരമായി തന്നെ ബാധിക്കുകയും ചെയ്തു.
ടീമിലെ ഏറ്റവും പ്രധാന താരമായിരുന്ന വാൻ ഡൈക്കിനു പുറമെ അലിസൺ, ജോ ഗോമസ്, മാറ്റിപ്, ട്രെന്റ് അലക്സാണ്ടർ അർനോൾഡ് എന്നിങ്ങനെ നിരവധി താരങ്ങൾ പരിക്കേറ്റു ദീർഘകാലം പുറത്തു പോയതിനാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത തന്നെ അവർക്ക് അവസാന ഘട്ടത്തിലാണ് നേടിയെടുക്കാൻ കഴിഞ്ഞത്. ഈ സീസണിലും സമാനമായ ദുർവിധിയാണോ ലിവർപൂളിനെ കാത്തിരിക്കുന്നതെന്നാണ് കഴിഞ്ഞ മത്സരത്തിനു ശേഷം ആരാധകർ സംശയിക്കുന്നത്.
Jurgen Klopp assesses Andy Robertson's injury after the defender was forced off in pre-season ? ⬇️ pic.twitter.com/PKuCNpNGFv
— Mirror Football (@MirrorFootball) August 9, 2021
അത്ലറ്റിക് ക്ലബിനെതിരായ മത്സരത്തിൽ ടീമിലെ ലെഫ്റ്റ് ബാക്കായ ആൻഡി റോബർട്സണ് സംഭവിച്ച പരിക്കാണ് സീസൺ ആരംഭിക്കാനിരിക്കെ ലിവർപൂളിന് തലവേദന സമ്മാനിക്കുന്നത്. ടീമിലെ ഏറ്റവും കഠിനാധ്വാനിയായ താരം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബിൽബാവോ താരം അലക്സിന്റെ ക്രോസ് ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാൽപടം തിരിഞ്ഞ് മൈതാനത്തു വീഴുകയും ശേഷം മത്സരത്തിൽ നിന്ന് പിൻവലിക്കപ്പെടുകയും ചെയ്തു.
വീഡിയോ ദൃശ്യത്തിൽ നിന്നു തന്നെ ഗുരുതരമായ പരിക്കാണ് താരത്തിന് സംഭവിച്ചതെന്ന് വ്യക്തമാണ്. താരം അപ്പോൾ വേദന കൊണ്ട് പുളഞ്ഞുവെങ്കിലും പിന്നീട് അതിൽ നിന്ന് മുക്തനായി എന്നും, കൂടുതൽ പരിശോധനകൾക്കു ശേഷമേ പരിക്കിന്റെ സ്ഥിതി എത്രത്തോളം മാരകമാണെന്ന് പറയാൻ കഴിയൂവെന്നുമാണ് പരിശീലകൻ യർഗൻ ക്ളോപ്പ് മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വെളിപ്പെടുത്തിയത്.
നോർവിച്ചിനെതിരെ ആദ്യ പ്രീമിയർ ലീഗ് മത്സരം കളിക്കാൻ വെറും ആറു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ടീമിലെ ഏറ്റവും പ്രധാന താരത്തിന് പരിക്ക് പറ്റിയതെന്നത് ലിവർപൂളിന് സീസണിൽ വലിയ ആശങ്ക സമ്മാനിക്കുന്ന ഒന്നാണ്. അതേസമയം ഏതാനും പുതിയ സൈനിംഗുകൾ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ടീം നടത്തുമെന്നു ക്ളോപ്പ് പറഞ്ഞത് ആരാധകർക്ക് ആശ്വസിക്കാൻ വക നൽകുന്നു.