Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രേഡ്‌മാർക്ക് ഗോൾ സെലിബ്രേഷൻ അനുകരിച്ചതിന്റെ കാരണം വ്യക്തമാക്കി ആൻഡ്രോസ് ടൗൺസെൻഡ്‌

By Mohammed Davood
Townsend and Ronaldo
Townsend and Ronaldo / Michael Regan/Getty Images
facebooktwitterreddit

ചുവന്ന ചെകുത്താന്മാരുടെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-1ന് കുരുക്കിയ പ്രീമിയർ ലീഗ് മത്സരത്തിൽ എവർട്ടണിന് വേണ്ടി സമനില ഗോൾ നേടിയ ആൻഡ്രോസ് ടൗൺസെൻഡ്‌ അത് ആഘോഷിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രേഡ്‌മാർക്ക് സെലിബ്രേഷൻ അനുകരിച്ചായിരുന്നു. എന്നാൽ, പോർച്ചുഗീസ് സൂപ്പർതാരത്തെ കളിയാക്കാനുദ്ദേശിച്ചല്ല താൻ അത് ചെയ്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എവർട്ടൺ താരം.

ആദ്യ പകുതിയിൽ 43ആം മിനുറ്റിൽ ആന്തണി മാർഷ്യൽ നേടിയ ഗോളിലൂടെ മുന്നിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ, മത്സരത്തിന്റെ 65ആം മിനുറ്റിലാണ് ടൗൺസെൻഡ്‌ സമനില ഗോൾ നേടിയത്. തുടർന്നായിരുന്നു താരം റൊണാൾഡോയുടെ സെലിബ്രേഷൻ അനുകരിച്ച് തന്റെ ഗോൾ ആഘോഷിച്ചത്.

എന്നാൽ, റൊണാൾഡോയുടെ സെലിബ്രേഷൻ സൂപർതാരത്തിനോടുള്ള ബഹുമാനസൂചകമായി ചെയ്തതാണെന്നും, പോർച്ചുഗീസ് താരത്തെ അനാദരിക്കാൻ ചെയ്തതല്ലെന്നും ടൗൺസെൻഡ്‌ മത്സരശേഷം ബിടി സ്പോർട്ടിനോട് പറഞ്ഞു.

"അനുകരിക്കുകയല്ല, എന്റെ കരിയറിനെ സ്വാധീനിച്ച ഒരു വ്യക്തിയോടുള്ള ബഹുമാനസൂചകം മാത്രമാണത്," ടൗൺസെൻഡ് പറഞ്ഞു.

"അതിനാൽ തന്നെ അത് ഒരു അനുകരണമായിരുന്നില്ല, എന്റെ ഒരു ആരാധനാമൂർത്തിയോടുള്ള ആദരസൂചകമായിരുന്നു. ഞാൻ ആ ആഘോഷത്തോട് നീതി പുലർത്തുകയോ, അത് നേരെ നടപ്പിലാക്കുകയോ ചെയ്തില്ല," താരം കൂട്ടിച്ചേർത്തു.

അതേ സമയം, പ്രീമിയർ ലീഗ് 2021/22 സീസണിൽ ഇരു ടീമുകൾ 7 മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ, 14 പോയിന്റുകളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് 3ആം സ്ഥാനത്തും, എവർട്ടൺ 4ആം സ്ഥാനത്തുമാണ്.


facebooktwitterreddit