ബാഴ്‌സലോണ നിലവിലെ പ്രതിസന്ധിയെ മറികടക്കും, ക്ലബ്ബിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ടെന്നും ഇനിയേസ്റ്റ

Sreejith N
Barcelona v Real Sociedad - La Liga
Barcelona v Real Sociedad - La Liga / Quality Sport Images/Getty Images
facebooktwitterreddit

ബാഴ്‌സലോണ നിലവിൽ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നും അതിൽ നിന്നും ടീം തിരിച്ചു വരുമെന്ന ഉറച്ച പ്രതീക്ഷ തനിക്കുണ്ടെന്നും ക്ലബിന്റെ ഇതിഹാസതാരമായ ആന്ദ്രേ ഇനിയേസ്റ്റ. ഒരിക്കൽ ക്ലബ്ബിലേക്ക് തിരിച്ചുവരികയെന്ന ആഗ്രഹം തനിക്കുണ്ടെന്നും നിലവിൽ ജാപ്പനീസ് ക്ലബായ വിസ്സൽ കൊബെയിൽ കളിക്കുന്ന ഇനിയേസ്റ്റ വ്യക്തമാക്കി.

"ബാഴ്‌സലോണയെ ഇപ്പോഴും ഞാൻ നല്ല പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്, കാരണം ഒരു വ്യത്യസ്‌തമായ ടീമിനെ ഞാൻ കാണുന്നു. മുൻപുള്ളതിൽ നിന്നും ഒരുപാട് കാര്യങ്ങളിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. സ്വാഭാവികമായും കളിക്കാർ മാറുകയും ചെയ്യും, എന്നാൽ ഇപ്പോഴും ഒരു ആശയം അവർക്കൊപ്പമുണ്ട്." ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇനിയേസ്റ്റ പറഞ്ഞു.

ബാഴ്‌സയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ചും ഇനിയേസ്റ്റ പ്രതികരിച്ചു. "അതിനു കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വളരെക്കാലം ഞാൻ ഉണ്ടായിരുന്ന ക്ലബായതു കൊണ്ടു തന്നെ അതു സംഭവിക്കുമെന്നു ഞാൻ കരുതുന്നു. എന്താണ് ഭാവിയിൽ സംഭവിക്കുകയെന്നു നമുക്ക് പറയാൻ കഴിയില്ല"

"എങ്ങനെയാവും ഞാൻ തിരിച്ചു വരികയെന്നും അപ്പോൾ ആരൊക്കെയാവും ക്ലബിന്റെ ചുമതലയിൽ ഉണ്ടാവുകയെന്നും നമുക്കറിയില്ല. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുകയെന്നതു നിർണയിക്കാൻ കഴിയാത്ത നിരവധി ഘടകങ്ങളുണ്ട്. എന്നാൽ തിരിച്ചു വരാൻ എനിക്കിഷ്ടമാണോ എന്ന ചോദ്യത്തിന് അതെയെന്നു തന്നെയാണ് എന്റെ മറുപടി." ഇനിയേസ്റ്റ വ്യക്തമാക്കി.

അതേസമയം തന്റെ കരിയറിലെ ഏറ്റവും മികച്ച പരിശീലകൻ ആരെന്ന ചോദ്യത്തിന് ഇനിയേസ്റ്റ ഒരാളുടെ പേരെടുത്തു പറഞ്ഞില്ല. തന്നെ ഏറ്റവുമധികം സ്വാധീനിച്ച ഒരു പരിശീലകന്റെ പേരെടുത്തു പറയുന്നതും ഒപ്പം കളിച്ച ഏറ്റവും മികച്ച താരത്തിന്റെ പേരെടുത്തു പറയുന്നതും ദുഷ്‌കരമാണ് എന്നാണു ഇനിയേസ്റ്റ പറഞ്ഞത്.

facebooktwitterreddit