Football in Malayalam

ലയണൽ മെസി ബാഴ്‌സ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനെക്കുറിച്ച് പ്രതികരിച്ച് ആന്ദ്രെസ് ഇനിയേസ്റ്റ

Sreejith N
Sevilla v Barcelona: Copa del Rey
Sevilla v Barcelona: Copa del Rey / Anadolu Agency/GettyImages
facebooktwitterreddit

ഇരുപത്തിയൊന്നു വർഷങ്ങൾ ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന ലയണൽ മെസി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറിയത് ആരാധകർക്ക് വലിയൊരു ആഘാതമാണ് സമ്മാനിച്ചത്. ബാഴ്‌സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് ക്ലബ് അറിയിച്ചതിനെ തുടർന്ന് മെസി പിഎസ്‌ജിയിലെത്തിയത്.

ബാഴ്‌സലോണ ആരാധകർക്കും മെസി ആരാധകർക്കും വലിയ വേദനയാണ് മെസി ക്ലബ് വിട്ടതു കൊണ്ടുണ്ടായത്. സമാനമായ അവസ്ഥ തന്നെയാണ് തനിക്കും ഉണ്ടായതെന്നാണ് കാറ്റലൻ ക്ലബിന്റെ ഇതിഹാസമായ ആന്ദ്രെസ് ഇനിയേസ്റ്റ പറയുന്നത്. മെസി ബാഴ്‌സലോണയിൽ തന്നെ തുടരണം എന്നതായിരുന്നു തനിക്ക് താൽപര്യമെന്നും അദ്ദേഹം എഎസിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

"മെസിയെ മറ്റൊരു ജേഴ്‌സിയിൽ കാണുകയെന്നത്‌ വളരെ ദുർലഭമായ കാര്യമാണ്. അദ്ദേഹം തുടരുകയാണെങ്കിൽ എനിക്കത് വളരെ സന്തോഷമായേനെ. ഒരുപാട് വർഷങ്ങൾക്കു ശേഷം മറ്റൊരു ജേഴ്‌സി അണിയുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്, പക്ഷെ ഇപ്പോൾ സംഭവിച്ചതു പോലെ അതുണ്ടായേക്കാം. എല്ലാ കാര്യങ്ങൾക്കും അതിന്റെതായ വഴികളുമുണ്ട്."

"അതിന്റെ അർത്ഥം കൊണ്ട് ആ വികാരത്തെ സങ്കടമെന്നു വിളിക്കമാണോയെന്ന് എനിക്കറിയില്ല. മെസി ടീം മാറി, എന്നാൽ ഇതുപോലെ മാറാവുന്ന പല സാഹചര്യങ്ങളുമുണ്ട്. അതിനെ ഓരോ ആളുകളും അവരവരുടേതായ രീതിയിലാണ് കാണുക."

"ജീവിതത്തിന്റെ നിയമം അങ്ങിനെയാണ്, അദ്ദേഹം ബാഴ്‌സയിൽ തുടരണമെന്ന എന്റെ താൽപര്യത്തിനും അപ്പുറത്തേക്ക് അതു സഞ്ചരിക്കും. പുറമെ നിന്നും അതിലൊരു അഭിപ്രായം പറയുക എളുപ്പമല്ല. ക്ലബ് കഴിയുന്നതെല്ലാം ചെയ്‌തുവെന്നാണ് ഞാൻ മനസിലാക്കിയത്. ലിയോയെ ക്ലബ് വേണ്ടെന്നു വെക്കുമെന്ന് ഞാൻ കരുതുന്നില്ല. അവിടെ നിന്നും എന്താണ് സംഭവിച്ചതെന്ന് അവർക്കു മാത്രമേ അറിയുകയുള്ളൂ," ഇനിയേസ്റ്റ വ്യക്തമാക്കി.

ബാഴ്‌സലോണ വിട്ട മെസി പിഎസ്‌ജിയിൽ മികച്ച പ്രകടനം നടത്താൻ പതറുമ്പോൾ മറുവശത്ത് ബാഴ്‌സലോണയുടെ നിലയും പരിതാപകരം തന്നെയാണ്. മോശം ഫോമിനെ തുടർന്ന് അവർ കൂമാനെ പുറത്താക്കി സാവിയെ നിയമിക്കുകയും ചെയ്‌തു.


facebooktwitterreddit