ക്രിസ്റ്റൻസെൻ ബാഴ്സലോണയിലേക്ക്, ചെൽസി പ്രതിരോധതാരവുമായുള്ള ട്രാൻസ്ഫർ ചർച്ചകൾ വിജയം


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റാകുന്ന ചെൽസി പ്രതിരോധതാരം ആന്ദ്രെസ് ക്രിസ്റ്റൻസെൻ ബാഴ്സലോണയിലേക്ക്. താരവുമായി ബാഴ്സലോണ നടത്തുന്ന കരാർ ചർച്ചകൾ വിജയം കാണുന്നതായി സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണു റിപ്പോർട്ട് ചെയ്തത്. അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ മികച്ച രീതിയിൽ ഒരുക്കാനൊരുങ്ങുന്ന സാവിക്കും ബാഴ്സലോണ നേതൃത്വത്തിനും പ്രതീക്ഷ നൽകുന്നതാണ് ഈ വാർത്ത.
ഡെന്മാർക്ക് താരത്തിന് നാല് വർഷത്തെ കരാർ നൽകുന്ന ഓഫർ ബാഴ്സലോണ മുന്നോട്ടു വെച്ചുവെന്നും അതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചെൽസി നേതൃത്വവും ക്രിസ്റ്റൻസെനും നടത്തുന്ന ചർച്ചകൾക്കു ശേഷം ബാഴ്സലോണക്ക് കരാർ പൂർത്തിയാക്കാൻ കഴിയും.
Andreas Christensen has agreed to join Barcelona on a free transfer next season, per @gerardromero pic.twitter.com/Nd1QQ4MCfd
— B/R Football (@brfootball) March 1, 2022
ട്രാൻസ്ഫർ ധാരണയിൽ എത്തിയാൽ ഏതാനും മാസങ്ങളായി ബാഴ്സലോണ ക്രിസ്റ്റൻസെനു വേണ്ടി നടത്തുന്ന നീക്കങ്ങളാണ് വിജയത്തിലെത്തുക. രണ്ടു വർഷങ്ങൾക്കു മുൻപു തന്നെ താരത്തിന് ബാഴ്സയിൽ എത്താൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചെൽസി ആ ഡീലിനു തടസം നിന്നു. ഇതോടെയാണ് കരാർ പൂർത്തിയാകുന്നതു മുതലെടുത്ത് സാവിയുടെ പ്രൊജക്റ്റിന്റെ ഭാഗമാകാൻ ക്രിസ്റ്റൻസെൻ ഒരുങ്ങുന്നത്.
ചെൽസി താരത്തെ നിലനിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ നല്ല രീതിയിൽ നടത്തുന്നുണ്ടെങ്കിലും യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശവുമായി ബന്ധപ്പെട്ട് ക്ലബിന്റെ ഉടമയായ അബ്രോമോവിച്ചിനെതിരെ നടപടികൾ ഉണ്ടായതും, ക്ലബിന്റെ ഭാവിയെ സംബന്ധിച്ച ആശങ്കകളും ബാഴ്സലോണക്ക് ഗുണം ചെയ്യുന്നുണ്ട്. ബാഴ്സലോണയുടെ ഓഫറിന് താരം സമ്മതം മൂലവും ഇതു കാരണമായെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബയേൺ മ്യൂണിക്കും ക്രിസ്റ്റൻസെനു വേണ്ടി ശ്രമം നടത്തിയിരുന്നു എങ്കിലും അവരുടെ വേതനസംബന്ധമായ നിലപാടുകൾ ഡാനിഷ് താരത്തിന് സ്വീകാര്യമായില്ല. പ്രതിരോധത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന ബാഴ്സലോണക്ക് വേഗതയും പന്തടക്കവും സെന്റർ ബാക്കായി ഇടതു, വലതു വശങ്ങളിൽ കളിക്കാനും കഴിയുന്ന ക്രിസ്റ്റൻസെന്റെ സാന്നിധ്യം കൂടുതൽ കരുത്താകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.