യുവന്റസിന്റെ മോശം ഫോമിന് ഒരു പരിധി വരെ കാരണം താരങ്ങൾ; വിമർശനവുമായി ആന്ദ്രേ പിർലോ


കഴിഞ്ഞ ഒൻപതു വർഷമായി ഇറ്റാലിയൻ ലീഗിൽ അപ്രമാദിത്വം കാണിച്ചു കൊണ്ടിരുന്ന യുവന്റസ്, ആന്ദ്രേ പിർലോ പരിശീലകസ്ഥാനം ഏറ്റെടുത്ത ഈ സീസണിൽ വളരെ മോശം ഫോമിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇന്ററുമായി പന്ത്രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ സീരി എ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ടീം ചാമ്പ്യൻസ് ലീഗിൽ താരതമ്യേനെ ദുർബലരായ പോർട്ടോയോട് തോറ്റ് പുറത്താവുകയും ചെയ്തു.
മോശം പ്രകടനവും കിരീടങ്ങൾക്ക് സാധ്യതയില്ലാത്തതും പരിശീലകനെ പുറത്താക്കുന്നതിലേക്ക് നയിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും ഇന്നലെ നടന്ന മത്സരത്തിൽ നാപോളിയെ തോൽപ്പിച്ചതോടെ അതു താൽക്കാലികമായി അവസാനിപ്പിക്കാൻ പിർലോക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം ടീം പതറുന്നതിന് താരങ്ങളുടെ മനോഭാവം കൂടി ഒരു പരിധി വരെ കാരണമാണെന്ന് കഴിഞ്ഞ ദിവസം പിർലോ അഭിപ്രായപ്പെട്ടു.
Pirlo defended his record after Juventus beat Napoli.
— Goal (@goal) April 8, 2021
?️ “I made many mistakes, but I’d make them all again.
"This is my first season, I needed those experiences for the present and the future." [Sky Italia] pic.twitter.com/vmnmQJF0dJ
"എന്റെ ശൈലി സീസണിന്റെ തുടക്കം മുതൽ തന്നെ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മൂന്നു ദിവസം കൂടുമ്പോൾ മത്സരങ്ങൾ വരുന്നതും താരങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതും മൂലം അത് കൂടുതൽ മികച്ചതാക്കാൻ കഴിയുന്നില്ല. മനോഭാവത്തിലുണ്ടാകുന്ന വ്യതിചലനം മൂലം താഴെത്തട്ടിലുള്ള ടീമിനെതിരെ പോലും ഞങ്ങൾ മികവ് കാണിക്കുന്നില്ല. കളിക്കാരനാണെങ്കിൽ ഈ പ്രശ്നങ്ങൾ ടീം എന്ന നിലയിൽ പരിഹരിക്കുന്നതിന് പകരം വ്യക്തിപരമായാണ് പരിഹരിക്കാൻ നോക്കുന്നത്," പിർലോ പറഞ്ഞു.
അതേസമയം തനിക്ക് സംഭവിക്കുന്നതു പോലെയുള്ള പിഴവുകൾ ഭാവിയിൽ ഇനിയും ഉണ്ടായേക്കാമെന്നും പിർലോ പറഞ്ഞു. താൻ ആദ്യ സീസണാണ് യുവന്റസിനൊപ്പം പൂർത്തിയാക്കുന്നതെന്നും ഇതിൽ നിന്നുമുള്ള പരിചയസമ്പത്ത് ഇപ്പോഴും ഭാവിയിലും തനിക്ക് ഉപകാരപ്പെടുമെന്നും എല്ലാ പരിശീലകർക്കും ഇതൊരു സങ്കീർണമായ സീസണാണെന്നും പിർലോ മാധ്യമങ്ങളോട് പറഞ്ഞു.
സീരി എയിൽ ഒൻപതു മത്സരങ്ങൾ ബാക്കി നിൽക്കെ യുവന്റസിന് കിരീടപ്രതീക്ഷ ഇല്ലെന്നും ചാമ്പ്യൻസ് ലീഗ് യോഗ്യതയാണ് ഈ ചെറിയ സീസണിലെ പ്രധാന ലക്ഷ്യമെന്നും പിർലോ വ്യക്തമാക്കി. കോപ്പ ഇറ്റാലിയ കിരീടം നേടാൻ പരമാവധി ശ്രമിക്കുമെന്നും ഇറ്റലിയുടെ ഇതിഹാസതാരം കൂട്ടിച്ചേർത്തു.