മൂന്നു താരങ്ങളെ വിൽക്കാനുള്ള യുവന്റസിന്റെ നീക്കങ്ങളെ പിർലോ തടഞ്ഞു, രണ്ടു പേരുമിപ്പോൾ ടീമിലെ സ്ഥിരസാന്നിധ്യങ്ങൾ

Nov 22, 2020, 6:28 PM GMT+5:30
Juventus v UC Sampdoria - Serie A
Juventus v UC Sampdoria - Serie A | Chris Ricco/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യുവന്റസ് മൂന്നു താരങ്ങളെ വിൽക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ പരിശീലകനായി ഇതിഹാസതാരം പിർലോ സ്ഥാനമേറ്റെടുത്തതിനെ തുടർന്ന് ആ നീക്കം തടഞ്ഞുവെന്നും റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ സീരി എ കിരീടം സ്വന്തമാക്കിയെങ്കിലും സീസണിൽ പ്രതീക്ഷ നൽകുന്ന പ്രകടനം യുവന്റസ് കാഴ്ച വെക്കാത്തതിനെ തുടർന്ന് ഒഴിവാക്കപ്പെട്ട സാറിക്ക് പകരക്കാരനായി പിർലോ എത്തിയത് ടീമിലെ താരങ്ങളുടെ ഭാവി നീട്ടിക്കൊടുത്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പ്രമുഖ ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം മെറീഹ് ഡെമിറൽ, അഡ്രിയാൻ റാബിയട്ട്, ഡാനിലോ എന്നിവരുടെ ട്രാൻസ്ഫറുകളാണ് പിർലോ തടഞ്ഞത്. ഇതിൽ ഡെമിറൽ ഒഴികെയുള്ള താരങ്ങളിപ്പോൾ പിർലോയുടെ യുവന്റസ് നിരയിൽ സ്ഥിരസാന്നിധ്യമാണ്.

ഡെമിറലിനു വേണ്ടി പ്രീമിയർ ലീഗ് മുൻ ജേതാക്കളായ ലൈസ്റ്റർ സിറ്റിയാണ് രംഗത്തെത്തിയത്. എന്നാൽ താരത്തെ വിൽക്കരുതെന്നു പിർലോ ആവശ്യപ്പെടുകയായിരുന്നു. ബൊനുച്ചി, കില്ലിനി, ഡി ലൈറ്റ് എന്നീ സെൻട്രൽ ഡിഫെൻഡർമാരുള്ള യുവന്റസിൽ ഡെമിറലിന് അവസരങ്ങൾ പരിമിതമാണെങ്കിലും ഇവർക്കു പരിക്കേറ്റതു മൂലം താരത്തിന് അഞ്ചു സീരി എ മത്സരങ്ങളിൽ ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നു.

റാബിയട്ടിനും പ്രീമിയർ ലീഗിൽ നിന്നാണ് ഓഫർ വന്നതെന്നാണ് റൊമാനോ വെളിപ്പെടുത്തുന്നത്. എന്നാൽ ഫ്രഞ്ച് താരത്തിൽ പിർലോക്ക് വളരെയധികം താല്പര്യമുള്ളതു കൊണ്ട് ആ ഓഫറും യുവന്റസ് പരിഗണിച്ചില്ല. താനെത്ര കരുത്തനായ താരമാണെന്ന് റാബിയട്ടിന് അറിയില്ലെന്നും കളിക്കളത്തിലും മാനസികപരവുമായി ഫ്രഞ്ച് താരത്തെ ശക്തിപ്പെടുത്താൻ തങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കയാണെന്നും പിർലോ പിന്നീട് പറഞ്ഞിരുന്നു.

യുവന്റസിൽ നിന്നും ഏറെക്കുറെ പുറത്തായെന്നു കരുതിയ ഡാനിലോക്കാണ് പിർലോയുടെ വരവ് ഏറെ ആശ്വാസകരമായത്. റൈറ്റ് ബാക്കായി കളിച്ചിരുന്ന താരം നിലവിൽ പിർലോക്ക് കീഴിൽ തേർഡ് ഡിഫെൻഡറായാണ് ഇറങ്ങുന്നത്. ഈ സീസണിൽ യുവന്റസിന് വേണ്ടി എല്ലാ മത്സരങ്ങളിലും കളിച്ച ഒരേയൊരു താരം കൂടിയാണ് ഡാനിലോ.

facebooktwitterreddit