Football in Malayalam

എങ്ങനെ സൂപ്പർ ലീഗിൽ ചേരാനാകുമെന്ന് ചോദിച്ച് നിരവധി ടീമുകൾ തന്നെ ബന്ധപ്പെട്ടെന്ന് ആൻഡ്രിയ അഗ്നെല്ലി

Gokul Manthara
Torino FC v Juventus - Serie A
Torino FC v Juventus - Serie A / Valerio Pennicino/Getty Images
facebooktwitterreddit

യൂറോപ്യൻ സൂപ്പർ ലീഗിൽ എങ്ങനെ ചേരാനാകുമെന്ന് ചോദിച്ച് നിരവധി ക്ലബ്ബുകൾ തന്നെ ബന്ധപ്പെട്ടതായി യുവന്റസ് ചെയർമാനും, യൂറോപ്യൻ സൂപ്പർ ലീഗിന്റെ വൈസ് ചെയർമാനുമായ ആൻഡ്രിയ അഗ്നെല്ലി. സൂപ്പർ ലീഗിന്റെ സ്ഥാപക അംഗങ്ങളെന്ന് കരുതപ്പെട്ടിരുന്ന പ്രീമിയർ ലീഗ് ക്ലബ്ബുകൾ ലീഗിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച്, ലീഗ് സംഭവിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി അഗ്നെല്ലി രംഗത്തെത്തിയിരിക്കുന്നത്.

പ്രീമിയർ ലീഗിൽ നിന്നുള്ള 6 ക്ലബ്ബുകളും സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയതിന് പിന്നാലെ, പുതിയ ലീഗുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തുറന്ന് സമ്മതിച്ച അഗ്നെല്ലി, എന്നാൽ നിരവധി ക്ലബ്ബുകൾക്ക് ലീഗിൽ ചേരാൻ താല്പര്യമുണ്ടെന്നും, പല ക്ലബ്ബുകളും ലീഗിൽ ചേരാനുള്ള താല്ലര്യവുമായി തന്നെ ബന്ധപ്പെട്ടെന്നും പറയുന്നു. പക്ഷേ തന്നെ ബന്ധപ്പെട്ട ടീമുകളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

"സൂപ്പർ ലീഗിൽ തങ്ങൾക്ക് ചേരാനാകുമോ എന്ന് ചോദിച്ച് വെറും 24 മണിക്കൂറിനുള്ളിൽ എത്ര ക്ലബ്ബുകൾ എന്നെ ബന്ധപ്പെട്ടെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല. അവർ ചിലപ്പോൾ നുണ പറഞ്ഞതാകാം. എന്നാൽ എങ്ങനെ സൂപ്പർ ലീഗിൽ ചേരാൻ കഴിയുമെന്ന് ചോദിച്ച് നിരവധി ടീമുകൾ എന്നെ ബന്ധപ്പെട്ടു." റോയിട്ടേഴ്സിനോട് സംസാരിക്കവെ അഗ്നെല്ലി വ്യക്തമാക്കി.

അതേ സമയം പ്രീമിയർ ലീഗ് ക്ലബ്ബുകൾ പിന്മാറിയതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് യൂറോപ്യൻ സൂപ്പർ ലീഗ്. എന്നാൽ പ്രീമിയർ ലീഗ് ക്ലബ്ബുകളില്ലാതെയും ലീഗുമായി മുന്നോട്ട് പോകാനുള്ള പദ്ധതികളിലാണ് സൂപ്പർ ലീഗിന് പിന്നിലുള്ളവരെന്നാണ് സൂചനകൾ. നിലവിലെ സാഹചര്യത്തിൽ ഏറ്റവും മികച്ച രീതിയിൽ ഈ പ്രോജക്ടിനെ മാറ്റിയെടുക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിലാണ് തങ്ങളെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ യൂറോപ്യൻ സൂപ്പർ ലീഗ് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit