Football in Malayalam

അയാക്‌സ് വിടുമെന്നുറപ്പിച്ച് ആന്ദ്രേ ഒനാന, ബാഴ്‌സലോണയിൽ മടങ്ങിയെത്താനുള്ള സാധ്യതകളെക്കുറിച്ചും താരം

Sreejith N
Ajax v Willem II - Dutch Eredivisie
Ajax v Willem II - Dutch Eredivisie / Soccrates Images/GettyImages
facebooktwitterreddit

ബാഴ്‌സലോണ അക്കാദമിയിൽ നിന്നും അയാക്‌സിലെത്തിയ ആന്ദ്രേ ഒനാന ഡച്ച് ക്ലബിനൊപ്പം മികച്ച പ്രകടനം നടത്തുന്നതിന്റെ ഇടയിലാണ് ഉത്തേജകമരുന്നു പരിശോധനയിൽ കുടുങ്ങി ഒരു വർഷത്തോളം വിലക്കു നേരിടുന്നത്. വിലക്കു പൂർത്തിയായി ദിവസങ്ങൾക്കു മുൻപ് ചാമ്പ്യൻസ് ലീഗിൽ ബേസിക്റ്റസിനെതിരെ നടന്ന മത്സരത്തിൽ കളിക്കാനിറങ്ങിയ താരം തന്റെ തിരിച്ചു വരവിനെക്കുറിച്ചും തന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി.

കളിക്കളത്തിലേക്ക് മടങ്ങിയെത്തിയതിൽ വളരെയധികം സന്തോഷം അറിയിച്ച താരം തനിക്ക് വിലക്ക് ലഭിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. 2020 ഒക്ടോബറിൽ അറ്റലാന്റയുമായുള്ള മത്സരത്തിനു ശേഷം വീട്ടിലെത്തിയ താരം തലവേദനയുടെ മരുന്നിനു പകരം, ഗർഭിണിയായ ഭാര്യക്കു നിർദ്ദേശിച്ച അതെ രൂപത്തിലുള്ള ഗുളിക കഴിച്ചതാണ് ഉത്തേജക പരിശോധനയിൽ കുടുങ്ങാൻ കാരണമായതെന്ന് മാർക്കക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഈ സീസണു ശേഷം അയാക്‌സുമായുള്ള കരാർ അവസാനിക്കുന്ന താരം അതു പുതുക്കാനുള്ള സാധ്യതകൾ തള്ളിക്കളയുകയാണു ചെയ്‌തത്‌. ഏതാണ്ട് ഏഴു വർഷത്തോളം ക്ലബിനു വേണ്ടി കളിച്ചതിനു ശേഷം അടുത്ത ചുവടു മുന്നോട്ടു വെക്കാൻ സമയമായി എന്നും അത് മറ്റുള്ള മികച്ച താരങ്ങൾക്ക് മുന്നിലേക്ക് കടന്നു വരാൻ അവസരം നൽകുമെന്നും ഒനാന പറഞ്ഞു. അവസരം കാത്തിരിക്കുന്ന നിരവധി യുവതാരങ്ങൾ അയാക്‌സിൽ ഉണ്ടെന്നും താരം വ്യക്തമാക്കി.

ബാഴ്‌സലോണയിലേക്കു തിരിച്ചു വരാനുള്ള സാധ്യതകളെപ്പറ്റി ചോദിച്ചപ്പോൾ ഒനാനയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ബാഴ്‌സലോണ എന്റെ വീടാണ്. എനിക്കൊരു ദിവസം അവധി ലഭിച്ചാൽ ഞാൻ അവിടേക്കാണ് പോകാറുള്ളത്. അവിടം എനിക്ക് വളരെയധികം സന്തോഷം തരുന്നു."

നിലവിൽ ബാഴ്‌സലോണ ഒരു മോശം സാഹചര്യത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും അതിനെ മറികടന്ന് അവർ തിരിച്ചു വരും എന്നതു തീർച്ചയാണെന്ന് ഒനാന വ്യക്തമാക്കി. വളരെ മികച്ച മധ്യനിര താരമായിരുന്ന സാവിക്കു കീഴിൽ അയാക്‌സിൽ തന്റെ സഹതാരമായിരുന്ന ഫ്രാങ്കീ ഡി ജോംഗ് കൂടുതൽ മെച്ചപ്പെടുമെന്നും ഒനാന പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit