Football in Malayalam

പിഎസ്‌ജിയിൽ ലയണൽ മെസി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും എംബാപ്പയുടെ കരാർ സാഹചര്യത്തെപ്പറ്റിയും പ്രതികരിച്ച് ഹെരേര

Sreejith N
Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / John Berry/GettyImages
facebooktwitterreddit

ലയണൽ മെസി പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ക്ലബിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഈ സീസണോടെ കരാർ അവസാനിക്കുന്ന എംബാപ്പയുടെ കോണ്ട്രാക്റ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടും പ്രതികരിച്ച് ടീമിലെ മധ്യനിര താരമായ ആൻഡർ ഹെരേര. 2019ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഫ്രീ ട്രാൻസ്‌ഫറിൽ പിഎസ്‌ജിയിൽ എത്തിയ താരമായ ആൻഡർ ഹെരേര നിലവിൽ ടീമിലെ സ്ഥിരസാന്നിധ്യമാണ്.

"മെസിയുടെ തലത്തിലുള്ള താരം താദാത്മ്യം പ്രാപിക്കാനുള്ള സമയം വളരെ കുറക്കുന്നു. ഫ്രാൻസിലായാലും സ്പൈനിലായാലും ജപ്പാനിലും മഡഗാസ്‌കറിലുമായാലും അതങ്ങിനെ തന്നെയാണ്. ഏഴാമത് ബാലൺ ഡി ഓർ നേടിയ താരം ഇപ്പോൾ കളിക്കാൻ തുടങ്ങിയതു പോലെയാണ് പരിശീലനം നടത്തുന്നതും കളി ആസ്വദിക്കുന്നതും. ഒരു കാര്യവും തമാശയായി എടുക്കുന്നില്ല."

"ലിയോയെ ഏറ്റവും മികച്ച തലത്തിൽ നമ്മൾ കണ്ടു കഴിഞ്ഞു, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ. എന്നാൽ അത് കൂടെയുള്ളവരുടെ കൂടി ഉത്തരവാദിത്വം ആണെന്നാണ് ഞാൻ കരുതുന്നത്. മെസിയെ ഏറ്റവും മികച്ച നിലവാരത്തിൽ ലഭിക്കാൻ ഞങ്ങൾ താരത്തെ സേവിക്കണം. സാധാരണ താരങ്ങൾ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ്, എന്നാൽ നമ്മളിപ്പോൾ സംസാരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരത്തെ പറ്റിയാണ്." മുണ്ടോ ഡീപോർറ്റീവോയോട് ഹെരേര പറഞ്ഞു.

ലയണൽ മെസി ടീമിൽ എത്തിയതോടെ എംബാപ്പെയുടെ പ്രഭാവം മങ്ങിയിട്ടില്ലെന്നും ഹെരേര പറഞ്ഞു. വരാനിരിക്കുന്ന വർഷങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമായി എംബാപ്പെ മാറുമെന്നും താരം ലയണൽ മെസിയിൽ നിന്നും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കിയ ഹെരേര ഫ്രഞ്ച് സ്‌ട്രൈക്കറുടെ കരാർ സാഹചര്യത്തെ കുറിച്ചും സംസാരിച്ചു.

"എംബാപ്പെ കരാർ പുതുക്കുമെന്ന പ്രതീക്ഷയുണ്ട്, അതിനായി ശ്രമവും നടക്കുന്നുണ്ട്. ഫെബ്രുവരിയിലോ മാർച്ചിലോ ഏപ്രിലിലോ കരാർ പുതുക്കിയ ഫുട്ബോളെഴ്‌സ് നമ്മൾക്കു മുന്നിലുണ്ട്. അതിനായി ഇനിയും സമയവും ബാക്കിയുണ്ട്." താരം പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit