Football in Malayalam

യൂറോപ്യൻ സൂപ്പർ ലീഗ് പദ്ധതികൾക്കെതിരെ തുറന്നടിച്ച് പിഎസ്‌ജി മധ്യനിര താരം ആൻഡർ ഹെരേര

Ali Shibil Roshan
ആൻഡർ ഹെരേര
ആൻഡർ ഹെരേര / BERTRAND GUAY/Getty Images
facebooktwitterreddit

ലോക ഫുട്ബോളിലെ 12 വമ്പൻ ക്ലബുകൾ ചേർന്ന് പ്രഖ്യാപിച്ച യൂറോപ്യൻ സൂപ്പർ ലീഗ് പദ്ധതികൾക്കെതിരെ തുറന്നടിച്ച് പാരീസ് സെന്റ്-ജർമൻ മധ്യനിര താരം ആൻഡർ ഹെരേര.

റയൽ മാഡ്രിഡ്, എഫ്‌സി ബാഴ്‌സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, യുവന്റസ്, ഇന്റർ മിലാൻ, എസി മിലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ, ആഴ്‌സണൽ, ടോട്ടൻഹാം ഹോട്സ്പർ എന്നിവർ സ്ഥാപകഅംഗങ്ങളായ യൂറോപ്യൻ സൂപ്പർ ലീഗ് ഇന്നലെയാണ് ഔദ്യോഗികകമായി പ്രഖ്യാപിക്കപ്പെട്ടത്.

യൂറോപ്യൻ സൂപ്പർ ലീഗ് നടപ്പിലായാൽ അനിശ്ചിതത്വത്തിലാവുക യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, ആഭ്യന്തര ലീഗുകൾ എന്നിവയുടെ ഭാവിയാണ്. അതിനാൽ തന്നെ, പുതിയ ലീഗ് തുടങ്ങാനുള്ള പദ്ധതികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഫുട്ബോൾ ലോകത്ത് നിന്നും ഉയരുന്നത്.

സൂപ്പർ ലീഗ് പദ്ധതികൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പിഎസ്‌ജി മധ്യനിരതാരമായ ഹെരേരയും പ്രതികരിച്ചത്.

"ജനപ്രിയ ഫുട്ബോളിനോടും, ആരാധകരുടെ ഫുട്ബോളിനോടും, എന്റെ ഹൃദയത്തിലെ ടീം ഏറ്റവും മഹത്തായവരോട് മത്സരക്കുന്നത് കാണുന്നതിനോടും ഞാൻ പ്രണയത്തിലായി. ഈ യൂറോപ്യൻ സൂപ്പർ ലീഗ് മുന്നോട്ട് പോയാൽ ആ സ്വപ്നങ്ങൾ അവസാനിക്കും. ഏറ്റവും മികച്ചവരോട് പോരാടി വിജയിക്കാൻ കഴിയുമെന്ന് വമ്പന്മാർ അല്ലാത്ത ക്ലബുകളുടെ ആരാധകരുടെ മിഥ്യധാരണകളും അവസാനിക്കും. ഞാൻ ഫുട്ബോളിനെ സ്നേഹിക്കുന്നു, എനിക്ക് ഇതിനെ കുറിച്ച് നിശബ്ദനാവാൻ കഴിയില്ല. ഒരു മെച്ചപ്പെട്ട ചാമ്പ്യൻസ് ലീഗിൽ ഞാൻ വിശ്വസിക്കുന്നു, പക്ഷെ ജനങ്ങൾ സൃഷ്ടിച്ച ലോകത്തിലെ ഏറ്റവും മനോഹരമായ കായിക വിനോദത്തെ പണക്കാർ മോഷ്ടിക്കുന്നതിൽ വിശ്വസിക്കുന്നില്ല," ഹെരേര ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

അതേ സമയം, പുതിയ യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിക്കാത്ത വമ്പൻ ക്ലബുകളിൽ ഒന്നാണ് പിഎസ്‌ജി. ബയേൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്മുണ്ട് ഉൾപ്പെടെയുള്ള ജർമൻ ക്ലബുകളും ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit