ലയണൽ മെസി റൊണാൾഡോയെപ്പോലെയാണ്, അടുത്ത സീസണിൽ പിഎസ്ജിക്കൊപ്പം അമ്പതു ഗോളുകൾ നേടാൻ കഴിയുമെന്ന് ആൻഡർ ഹെരേര


പിഎസ്ജി സൂപ്പർതാരമായ ലയണൽ മെസിയെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യം ചെയ്ത് ക്ലബിലെ സഹതാരമായ ആൻഡർ ഹെരേര. റൊണാൾഡോയെപ്പോലെ തന്നെ ഗോളുകൾ കണ്ടെത്താനുള്ള കഴിവ് മെസിക്ക് ഒരിക്കലും നഷ്ടമാകില്ലെന്നു പറഞ്ഞ ആൻഡർ ഹെരേര അടുത്ത സീസണിൽ അർജന്റീന താരം പിഎസ്ജി ജേഴ്സിയിൽ അമ്പതു ഗോളുകൾ കണ്ടെത്തുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് ഇക്കഴിഞ്ഞ സീസൺ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലായിരുന്നു. ഇതിന്റെ ഭാഗമായി നിരവധി വിമർശനങ്ങൾ താരം ഏറ്റു വാങ്ങിയെങ്കിലും അതിൽ കഴമ്പില്ലെന്നും ലയണൽ മെസിയുടെ കാലം കഴിഞ്ഞു തുടങ്ങിയെന്ന വിലയിരുത്തലുകൾക്ക് താരം മറുപടി നൽകുമെന്നും ഹെരേര പറഞ്ഞു.
"ലിയോയുണ്ടാകുമ്പോൾ അടുത്ത സീസണിൽ അവനു വീണ്ടും അമ്പതു ഗോളുകൾ നേടാൻ കഴിയില്ലെന്ന് നിങ്ങൾക്കൊരിക്കലും പറയാൻ കഴിയില്ല. അദ്ദേഹം ക്രിസ്റ്റ്യാനോയെ പോലെയാണ്. അവർക്കൊരിക്കലും പിസ്റ്റൺ നഷ്ടമാകില്ല." സ്പാനിഷ് മാധ്യമമായ ഡിയാരിയോ എഎസിനോട് ആൻഡർ ഹെരേര പറഞ്ഞു.
"ലിയോ അർജന്റീനക്കൊപ്പം പോകുന്നു, നിങ്ങൾക്കായി അഞ്ചു ഗോളുകൾ നേടുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു പോയി മികച്ചൊരു സീസൺ പൂർത്തിയാക്കുന്നു. ലിയോക്ക് മറ്റൊരു സാഹചര്യം നേരിടേണ്ടി വരുമെന്ന വിലയിരുത്തലുകൾക്കൊപ്പം നിൽക്കാൻ എനിക്കത്ര ധൈര്യമില്ല." ഹെരേര വ്യക്തമാക്കി.
ലയണൽ മെസിയുടെ ഷോട്ടുകൾ പത്തോളം തവണ പോസ്റ്റിലിടിച്ച് പോയതിനെക്കുറിച്ച് സൂചിപ്പിച്ച ആൻഡർ ഹെരേര അത് ഗോളായി മാറിയിരുന്നെങ്കിൽ താരത്തിന്റെ സീസൺ കൂടുതൽ മികച്ചതായി മാറുമായിരുന്നുവെന്നും പറഞ്ഞു. ദൈനംദിന ജീവിതത്തിൽ മെസിയുടെ എളിമയും താരം മറ്റുള്ളവരോട് ഇടപഴകുന്ന രീതിയും കണ്ട് കൂടുതൽ ആരാധന തനിക്ക് ഇപ്പോഴുണ്ടെന്നും സ്പാനിഷ് താരം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.