ബാലൺ ഡി ഓർ നേടാൻ നെയ്‌മർക്ക് ഇനിയും കഴിയുമെന്ന് പിഎസ്‌ജി സഹതാരം ആൻഡർ ഹെരേര
By Sreejith N

പിഎസ്‌ജി സൂപ്പർതാരം നെയ്‌മർക്ക് ഇതുവരെയും ബാലൺ ഡി ഓർ സ്വന്തമാക്കാൻ കഴിയാത്തത് ആശ്ചര്യമുണ്ടാക്കുന്നതാണെന്നും ഇതിനകം തന്നെ ബ്രസീലിയൻ താരത്തിന് ബാലൺ ഡി ഓർ ലഭിക്കുമെന്നാണ് താൻ കരുതിയതെന്നും വെളിപ്പെടുത്തി ക്ലബിലെ സഹതാരം ആൻഡർ ഹെരേര. അതേസമയം ബാലൺ ഡി ഓർ നേടാൻ നെയ്‌മർക്ക് ഇനിയും കഴിയുമെന്നും താരം വ്യക്തമാക്കി.
ആധുനിക ഫുട്ബോൾ കണ്ട ഏറ്റവും പ്രതിഭയുള്ള താരങ്ങളിൽ ഒരാളാണ് നെയ്‌മരെങ്കിലും ഇതുവരെയും ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരം സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങൾക്കെതിരെ പുരസ്‌കാരത്തിനായുള്ള പോരാട്ടത്തിൽ ഒന്നിലധികം തവണ നെയ്‌മർ വീണു പോയിട്ടുമുണ്ട്.
"ഞാൻ താരവുമായി അടുത്ത സൗഹൃദമുണ്ട്. മികച്ച സഹതാരവും മഹത്തായ ഫുട്ബോളറുമായ താരം ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ചു കളിക്കാരിൽ ഒരാളാണ്. ഇതിനകം തന്നെ നെയ്‌മർ ബാലൺ ഡി ഓർ നേടേണ്ടതായിരുന്നു, എന്നാൽ അതിനുള്ള സാധ്യത ഇപ്പോഴും ഞാൻ തള്ളിക്കളയുന്നില്ല. നെയ്‌മർക്കൊപ്പം കളിക്കുന്നതു തന്നെ സന്തോഷമാണ്." ഹെരേര സ്‌പാനിഷ് മാധ്യമം എഎസിനോട് പറഞ്ഞു.
പിഎസ്‌ജി കരാർ പുതുക്കിയ കിലിയൻ എംബാപ്പയുടെ തീരുമാനം ഉചിതമായ ഒന്നായിരുന്നുവെന്നും ഹെരേര പറഞ്ഞു. പിഎസ്‌ജി കരാർ പുതുക്കിയതോടെ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരേയൊരു താരമായി മാറാനുള്ള വഴിയാണ് എംബാപ്പക്കു മുന്നിൽ തുറന്നിരിക്കുന്നതെന്നും ഹെരേര പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.