"റഫറി നൽകിയ വിശദീകരണം തൃപ്‌തികരമായിരുന്നില്ല"- റയൽ സമനില വഴങ്ങിയതിനോട് പ്രതികരിച്ച് കാർലോ ആൻസലോട്ടി

Sreejith N
Real Madrid v Osasuna - La Liga Santander
Real Madrid v Osasuna - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

ഒസാസുനയുമായി സ്വന്തം മൈതാനത്തു നടന്ന ലീഗ് മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയതിനു പിന്നാലെ റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്‌ത്‌ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സലോണക്കെതിരെ നേടിയ വിജയത്തിന്റെ സന്തോഷം മായും മുൻപെയാണ് ഒസാസുന റയൽ മാഡ്രിഡിന് അപ്രതീക്ഷിത സമനില സമ്മാനിച്ചത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ റയൽ മാഡ്രിഡ് നടത്തിയ പ്രകടനം മോശമായിരുന്നു എന്നു പറഞ്ഞ ആൻസലോട്ടി രണ്ടാം പകുതിയിൽ ടീം മികച്ചു നിന്നുവെന്നും താരങ്ങൾ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്നും വ്യക്തമാക്കി. കളിയിൽ വിനീഷ്യസിന് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി നിഷേധിക്കുകയും വളരെ കുറഞ്ഞ സമയം സ്റ്റോപ്പേജ് ടൈമായി അനുവദിക്കുകയും ചെയ്‌ത റഫറിയുടെ തീരുമാനത്തെയാണ് ആൻസലോട്ടി ചോദ്യം ചെയ്‌തത്‌.

"അതു വളരെ സങ്കീർണമായൊരു പ്രശ്‌നമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതു പെനാൽറ്റി ലഭിക്കേണ്ടിയിരുന്ന സ്റ്റാമ്പിങാണ്. എന്തു കൊണ്ട് വീഡിയോ റഫറി അതിൽ ഇടപെട്ടില്ല? എനിക്കറിയില്ല." വിനീഷ്യസിനു നേരെയുണ്ടായ ഫൗളിനെക്കുറിച്ച് ആൻസലോട്ടി പറഞ്ഞു. ഇതിനു പുറമെ ഒസാസുന താരങ്ങൾ വളരെ സമയം മനഃപൂർവം പാഴാക്കി കളഞ്ഞിട്ടും സ്റ്റോപ്പേജ് ടൈം വേണ്ടത്ര അനുവദിക്കാതിരുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

"മത്സരം മുന്നോട്ടു പോയ രീതി പരിഗണിക്കുമ്പോൾ സ്റ്റോപ്പേജ് ടൈം വളരെ കുറവായാണ് എനിക്കു തോന്നിയത്. അതുകൊണ്ടു തന്നെ ഞാൻ റഫറിയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മറുപടി എനിക്ക് തൃപ്‌തികരമായിരുന്നില്ല എന്നതാണ് സത്യസന്ധമായ കാര്യം." ഇറ്റാലിയൻ പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞു.

സമനില വഴങ്ങിയെങ്കിലും ലാ ലിഗ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. പത്തു മത്സരങ്ങളിൽ നിന്നും 21 പോയിന്റ് റയൽ മാഡ്രിഡ് നേടിയപ്പോൾ ടേബിളിലെ ആദ്യത്തെ നാലു സ്ഥാനക്കാർക്കും അതെ പോയിന്റാണുള്ളത്. ലീഗിലെ ഒന്നാം സ്ഥാനക്കാരും പത്താം സ്ഥാനക്കാരും തമ്മിൽ വെറും ഏഴു പോയിന്റാണെന്നിരിക്കെ ഇത്തവണ ലീഗിൽ കിരീടപ്പോരാട്ടം കനക്കുമെന്നുറപ്പാണ്.

facebooktwitterreddit