ഹസാർഡിനെ ഫോമിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള പദ്ധതിയുമായി കാർലോ ആൻസലോട്ടി


ഈഡൻ ഹസാർഡിന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് ഫുട്ബോൾ ആരാധകരിൽ ആർക്കും ഒരു സംശയവും ഉണ്ടാകില്ല. പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കരുതപ്പെട്ട ഹസാർഡ് റയൽ മാഡ്രിഡിൽ എത്തിയതോടെയാണ് ഫോമിൽ ഇടിവു സംഭവിച്ചത്.
പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും തളർത്തിയതാണ് റയൽ മാഡ്രിഡിൽ ഹസാർഡിന്റെ മോശം ഫോമിന് കാരണമായത്. തനിക്കെതിരെ നിരവധി വിമർശനങ്ങൾ ഉണ്ടായപ്പോഴും റയൽ മാഡ്രിഡിൽ തന്നെ തുടരാൻ തീരുമാനിച്ച താരം അടുത്ത സീസണിലും ക്ലബിനൊപ്പം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഹസാർഡിന് ഫോം വീണ്ടെടുക്കാനുള്ള പദ്ധതികൾ പരിശീലകൻ കാർലോ ആൻസലോട്ടിയും ആവിഷ്കരിക്കുന്നുണ്ട്.
സ്പാനിഷ് മാധ്യമം എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിൽ ഹസാർഡിനെ റയൽ മാഡ്രിഡ് ടീമിൽ ഫാൾസ് നയൻ പൊസിഷനിൽ കളിപ്പിക്കാനാണ് ആഴ്സലോട്ടിയുടെ പദ്ധതി. തന്റെ പ്രിയപ്പെട്ട പൊസിഷനിൽ ഹസാർഡിനു മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും ഇത് കരിം ബെൻസിമയുടെ ജോലിഭാരം കുറയ്ക്കുമെന്നും ഇറ്റാലിയൻ പരിശീലകൻ കരുതുന്നു.
2019ൽ ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയ ഈഡൻ ഹസാർഡ് 66 മത്സരങ്ങളാണ് ടീമിനു വേണ്ടി കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളിൽ നിന്നും വെറും ആറു ഗോളുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളുവെന്നത് ഹസാർഡിന്റെ മോശം ഫോമിന്റെ തെളിവാണ്. എന്നാൽ അടുത്ത സീസണിൽ അതിനെ മറികടക്കാൻ കഴിയുമെന്നാണ് താരവും ആരാധകരും വിശ്വസിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.