Champions League

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എവർട്ടൺ ആരാധകർ റയൽ മാഡ്രിഡിനെ പിന്തുണക്കുമെന്ന് കാർലോ ആൻസലോട്ടി

Sreejith N
Ancelotti Sure Everton Fans Will Support Real Madrid In UCL Final
Ancelotti Sure Everton Fans Will Support Real Madrid In UCL Final / Marc Atkins/GettyImages
facebooktwitterreddit

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെ ലിവർപൂളിന്റെ പ്രധാന എതിരാളികളായ എവർട്ടൺ ആരാധകർ പിന്തുണക്കുമെന്ന് കാർലോ ആൻസലോട്ടി. കഴിഞ്ഞ സീസണിൽ എവർട്ടൺ പരിശീലകനായിരുന്ന കാർലോ ആൻസലോട്ടി ഇക്കഴിഞ്ഞ സമ്മറിലാണ് രണ്ടാം തവണയും റയൽ മാഡ്രിഡിന്റെ ചുമതല ഏറ്റെടുക്കുന്നത്.

റയൽ മാഡ്രിഡ് വിളിച്ചപ്പോൾ എവർട്ടണിൽ നടപ്പിലാക്കിയിരുന്ന പദ്ധതി ഉപേക്ഷിച്ച് ആൻസലോട്ടി ഇംഗ്ലണ്ട് വിട്ടെങ്കിലും ഇപ്പോഴും അദ്ദേഹത്തിന് വലിയ പിന്തുണ അവിടെ നിന്നും ലഭിക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ എവർട്ടൺ ആരാധകർക്ക് പ്രിയപ്പെട്ടവനായ ആൻസലോട്ടി അതുകൊണ്ടു തന്നെയാണ് ടോഫീസിന്റെ പിന്തുണ ഉറപ്പിക്കുന്നതും.

"എവർട്ടൺ ആരാധകർ ഞങ്ങളെ തീർച്ചയായും പിന്തുണക്കും എന്നെനിക്കറിയാം. മെഴ്‌സിസൈഡിൽ വലിയ വൈരി തന്നെ നിലനിൽക്കുന്നുണ്ട്. ബ്ലൂസിനൊപ്പം ലിവർപൂളിൽ വലിയ ഓർമ്മകൾ തന്നെ എനിക്കുണ്ട്. അതിനാൽ തന്നെ അവരെന്നെ പിന്തുണക്കും എന്നു ഞാൻ തീർച്ചയാക്കുന്നു." ആൻസലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ ഐതിഹാസികമായ ചരിത്രം കുറിച്ച പരിശീലകനാണ് കാർലോ ആൻസലോട്ടി. മിലാനൊപ്പം 2003ലും 2007ലും കിരീടം നേടിയ അദ്ദേഹം അതിനു ശേഷം 2014ൽ റയൽ മാഡ്രിഡിനൊപ്പവും ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കി. അതേസമയം 2004ൽ ലിവർപൂളുമായി നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആൻസലോട്ടിയുടെ മിലാൻ തോൽവി വഴങ്ങിയിരുന്നു.

ഈ സീസണിലെ ലാ ലിഗ കിരീടം റയൽ മാഡ്രിഡിനൊപ്പം ആധികാരികമായി തന്നെ നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഇതോടെ യൂറോപ്പിലെ പ്രധാന അഞ്ചു ലീഗുകളിൽ കിരീടം നേടുന്ന ആദ്യത്ത പരിശീലകനെന്ന നേട്ടവും ആൻസലോട്ടി സ്വന്തമാക്കുകയുണ്ടായി. അതുകൊണ്ടൊക്കെ തന്നെ ഒരിക്കൽ കൂടി റയലിനെ യൂറോപ്പിന്റെ രാജാക്കന്മാരാക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit