Football in Malayalam

ഹസാർഡിനെ തുടർച്ചയായ മത്സരങ്ങളിൽ കളിപ്പിക്കാൻ കഴിയില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ ആൻസലോട്ടി

Sreejith N
Real Madrid v Celta de Vigo - La Liga Santander
Real Madrid v Celta de Vigo - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

കാൽമുട്ടിനേറ്റ സാരമായ പരിക്കിനു പുറമെ കുറച്ചു കാലമായി ഫിറ്റ്നസ് പ്രശ്‌നങ്ങളുമുള്ള ഈഡൻ ഹസാർഡിനെ തുടർച്ചയായ മത്സരങ്ങളിൽ കളിപ്പിക്കാൻ കഴിയില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. റോഡ്രിഗോ നേടിയ ഒരേയൊരു ഗോളിൽ റയൽ മാഡ്രിഡ് വിജയം നേടിയ ഇന്റർ മിലാനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഹസാർഡിന് അവസരം നൽകാതിരുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ആൻസലോട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

"കാൽമുട്ടിനു സാരമായ പരിക്കേറ്റതിനെ തുടർന്ന് ഹസാർഡ് കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നില്ല. കഴിഞ്ഞ ദിവസത്തെ പരിശീലന സെഷനിലും അതു താരത്തെ ബാധിച്ചിരുന്നു. താരത്തിന്റെ നില പൊതുവിൽ മെച്ചപ്പെട്ടു എങ്കിലും അതു വിലയിരുത്തേണ്ടതുണ്ട്." ലാ ലിഗ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ആൻസലോട്ടി പറഞ്ഞു.

"നിരന്തരമായ പരിക്കുകളുടെ മുൻകാല ചരിത്രം ഉള്ളതിനാൽ തന്നെ ഞങ്ങൾ താരത്തെക്കുറിച്ചു ശ്രദ്ധ പുലർത്തേണ്ടതുണ്ട്. തുടർച്ചയായി രണ്ടു മത്സരങ്ങളിൽ താരത്തെ കളിപ്പിക്കുക ബുദ്ധിമുട്ടാണ്. ഞങ്ങൾ ആവശ്യപ്പെടുന്ന തലത്തിലേക്കെത്താൻ താരം ഇതുവരെയും എത്തിയിട്ടില്ല, എന്നാൽ തന്റെ പൂർണമായ മികവ് താരം വീണ്ടെടുക്കുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്." ആൻസലോട്ടി പറഞ്ഞു.

പരിക്കു പറ്റിയ മറ്റൊരു താരമായ ഗാരത് ബേൽ എന്നാണു കളിക്കളത്തിലേക്ക് തിരിച്ചു വരികയെന്ന കാര്യം പറയാൻ കഴിയില്ലെന്നും ആൻസലോട്ടി പറഞ്ഞു. സാധാരണയായി സംഭവിക്കുന്ന പരിക്കാണ് വെയിൽസ്‌ താരത്തിന്റേതെന്നും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കെ പരിക്കു പറ്റിയതിൽ വളരെയധികം നിരാശയുണ്ടെന്നും ആൻസലോട്ടി വ്യക്തമാക്കി.

സീസൺ ആരംഭിച്ചതിനു ശേഷം മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന റയൽ മാഡ്രിഡ് വലൻസിയയെയാണ് അടുത്ത മത്സരത്തിൽ നേരിടാൻ തയ്യാറെടുക്കുന്നത്. കടുപ്പമേറിയ മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും അതുകൊണ്ട് പൂർണമായും ഫിറ്റ്നസ് നേടിയ താരങ്ങളെയാണ് കളത്തിലിറക്കുകയെന്നും പറയുക വഴി ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് ഇറ്റാലിയൻ പരിശീലകൻ നൽകുന്നത്.

facebooktwitterreddit