ഈ ബാഴ്‌സലോണയെ തനിക്കിഷ്‌ടമാണെന്ന് ആൻസലോട്ടി, എൽ ക്ലാസിക്കോയിൽ ആർക്കും മുൻതൂക്കമില്ലെന്നും റയൽ പരിശീലകൻ
By Sreejith N

സ്‌പാനിഷ് സൂപ്പർകപ്പ് സെമി ഫൈനലിൽ നടക്കുന്ന റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള മത്സരത്തിൽ ലാ ലിഗയിൽ ഒന്നാം സ്ഥാനക്കാരാണെന്നത് റയൽ മാഡ്രിഡിന് മുൻതൂക്കം നൽകില്ലെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി. മത്സരം വിജയിക്കാൻ റയൽ മാഡ്രിഡിനാണു സാധ്യത കൂടുതലെന്ന വാദങ്ങളെ തള്ളിയ അദ്ദേഹം രണ്ടു ടീമുകളും തുല്യമായ പ്രകടനമാണ് ഇത്തരം മത്സരങ്ങളിൽ കാഴ്‌ച വെക്കുകയെന്നും അഭിപ്രായപ്പെട്ടു.
"ഞങ്ങൾക്കാണ് വിജയസാധ്യത കൂടുതലെന്ന് ടീമിലെ താരങ്ങൾ കരുതുമോയെന്ന ആശങ്ക എനിക്കുണ്ടെങ്കിലും അവരങ്ങളെ വിജയിരിക്കുന്നില്ല. വിജയിക്കാൻ എല്ലാം നൽകണം എന്നു തന്നെയാണ് അവർ കരുതുന്നത്. ഇത്തരം മത്സരങ്ങൾ എപ്പോഴും തുല്യമായിരിക്കും. ലാ ലിഗയിലെ പോയിന്റ് വ്യത്യാസം അവിടെ കണക്കാക്കാൻ കഴിയില്ല. ലീഗിലെ പോരാട്ടം പോലെ തന്നെയായിരിക്കും ഇതും." ആൻസലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Ancelotti predicts Barcelona will improve under Xavi https://t.co/Mco6s78Y3K pic.twitter.com/9D5bzzgGyK
— CNA (@ChannelNewsAsia) January 11, 2022
പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിനെയും നിലവിലെ ടീമിനെയും ആൻസലോട്ടി പ്രശംസിച്ചു. "വെറ്ററൻ താരങ്ങളായ ജെറാർഡ് പിക്വ, സെർജി ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നിവരെല്ലാം എല്ലായിപ്പോഴും ടീമിനു വേണ്ടി ഒരുപാട് നൽകാറുണ്ട്."
"എന്നാൽ യുവതാരങ്ങൾ ടീമിലേക്ക് കടന്നു വന്നതാണ് അതിൽ വേറിട്ടു നിൽക്കുന്നത്. ഗാവി, നിക്കോ എന്നിവരെ പോലുള്ള താരങ്ങൾക്ക് വലിയൊരു ഭാവിയുണ്ട്. ഈ ബാഴ്‌സലോണയെ എനിക്കിഷ്ടമാണ്, കാരണം അവർ ഒരു ഐഡന്റിറ്റിയുള്ള ടീമാണ്. പരമ്പരാഗതമായ ബാഴ്‌സലോണയുടെ രീതിയിൽ തന്നെ. സാവിയുടെ നേതൃത്വത്തിൽ ടീം മെച്ചപ്പെടുമെന്നാണ് ഞാൻ കരുതുന്നത്." ആൻസലോട്ടി വ്യക്തമാക്കി.
മത്സരത്തിൽ റയൽ മാഡ്രിഡിന്റെ രണ്ട് ഏരിയകളെക്കുറിച്ചാണ് തനിക്ക് സംശയങ്ങളുള്ളതെന്നും ആൻസലോട്ടി പറഞ്ഞു. റൈറ്റ് ബാക്കായ ഡാനി കർവാഹാൾ കളിക്കുന്ന കാര്യം സംശയമാണെന്നു പറഞ്ഞ അദ്ദേഹം റോഡ്രിഗോ, മാർകോ അസെൻസിയോ എന്നിവരിൽ ആരെ ഇറക്കണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.