Football in Malayalam

ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി പൊരുതാനുള്ള നിലവാരം റയൽ മാഡ്രിഡിനുണ്ടെന്ന് കാർലോ ആൻസലോട്ടി

Sreejith N
Real Madrid v Inter - UEFA Champions League
Real Madrid v Inter - UEFA Champions League / Anadolu Agency/GettyImages
facebooktwitterreddit

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള റയൽ മാഡ്രിഡിന്റെ സാധ്യതകളിൽ പൂർണമായ ആത്മവിശ്വാസം പ്രകടിപ്പിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. ഇന്റർ മിലാനെതിരെ നടന്ന ചാമ്പ്യൻസ് ലീഗിലെ അവസാനത്തെ ഗ്രൂപ്പ് മത്സരത്തിൽ വിജയം നേടിയ ടീമിന്റെ പ്രകടനത്തിൽ സംതൃപ്‌തി പ്രകടിപ്പിച്ചതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ടോണി ക്രൂസും മാർകോ അസെൻസിയോയും നേടിയ ഗോളുകളിലാണ് റയൽ മാഡ്രിഡ് ഇറ്റാലിയൻ ക്ലബിനെതിരെ വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ജേതാക്കളായി നോക്ക്ഔട്ട് ഘട്ടത്തിലേക്ക് മുന്നേറിയ റയൽ മാഡ്രിഡിന്റെ പ്രകടനത്തെ വിലയിരുത്തിയ ആൻസലോട്ടി പ്രതിരോധം കുറച്ചുകൂടി സമ്മർദ്ദം ചെലുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അഭിപ്രായപ്പെട്ടു.

"ഞങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. മികച്ച നിലവാരത്തിലുള്ള ഞങ്ങളുടെ പ്രതിരോധം ആത്മാർത്ഥമായ പ്രകടനം നടത്തുന്നു. എന്നാൽ ചില സമയങ്ങളിൽ ഞങ്ങൾ വേണ്ടത്ര പ്രെസ്സിങ് നടത്തുന്നില്ല. എങ്കിലും നല്ല രീതിയിൽ, സുഖകരമായി ഞങ്ങൾ മുന്നോട്ടു പോകുന്നു." കാർലോ ആൻസലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.

"തുറന്ന പിച്ചിൽ പ്രതിരോധിക്കാൻ ഞങ്ങൾക്ക് വഴികളില്ല, അത് സൗന്ദര്യാത്മകവുമല്ല. പക്ഷെ ഞങ്ങളത് നന്നായി ചെയ്യുന്നു. ലാ ലിഗയിൽ വിജയിക്കാനുള്ള നിലവാരവും ചാമ്പ്യൻസ് ലീഗിനായി പൊരുതാനുള്ള കഴിവും ഞങ്ങൾക്കുണ്ട്. ചാമ്പ്യൻസ് നേടാൻ കഴിവുള്ള ഒരു ടീമും ഇപ്പോഴില്ല, എന്നാൽ അതിനായി പൊരുതാൻ കഴിയുന്നവയുണ്ട്." ആൻസലോട്ടി വ്യക്തമാക്കി.

വരാനിരിക്കുന്ന മാഡ്രിഡ് ഡെർബിയിൽ ടീമിലെ പ്രധാന താരമായ കരിം ബെൻസിമ കളിക്കാനിറങ്ങില്ലെങ്കിലും പകരക്കാരനായി ലൂക്ക ജോവിച്ചിനു ടീമിനെ സഹായിക്കാൻ കഴിയുമെന്ന് ആൻസലോട്ടി പറഞ്ഞു. ഇന്ററിനെതിരെ മികച്ച പ്രകടനം നടത്തിയ താരം ടീമിനെ ആക്രമണത്തിൽ വളരെയധികം സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit